ഗുജറാത്തിൽ അക്കൗണ്ട് തുറന്നു, ആം ആദ്മി ഇനി ദേശീയ പാർട്ടി

Friday 09 December 2022 2:39 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി ലോക്‌‌സഭയിലെത്തിയ 2014ലെ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ അദ്ദേഹത്തിന്റെ മുഖ്യ എതിരാളി ഡൽഹിയിൽ ശക്തി തെളിയിച്ച ആത്മവിശ്വാസവുമായി വന്ന ആംആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ ആയിരുന്നു.

മോദിക്കെതിരെ മത്സരിക്കുന്നത് എന്തിനെന്ന് ചോദിച്ചവരുണ്ട്. മോദിയുടെ എതിരാളിയായി ശ്രദ്ധ നേടിയെങ്കിലും കേജ്‌രിവാൾ വൻ മാർജിനിൽ പരാജയപ്പെട്ടു. തൊട്ടടുത്ത വർഷം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി മോദിയുടെ ബി.ജെ.പിയെ നാണം കെടുത്തി. അവിടുന്നിങ്ങോട്ട് ശക്തമായ ഒരു രാഷ്‌ട്രീയ സന്ദേശവുമായി പരമ്പരാഗത കക്ഷികൾക്ക് ബദലായി മാറുന്ന ആംആദ്‌മി പാർട്ടിയെയാണ് രാജ്യം കണ്ടത്.

രണ്ടുതവണ ഡൽഹിയിലും ഈ വർഷം മാർച്ചിൽ പഞ്ചാബിലും അധികാരമുറപ്പിച്ച ആംആദ്‌മി, അടുത്ത ലക്ഷ്യം പ്രധാനമന്ത്രിയുടെ തട്ടകമാണെന്ന് പ്രഖ്യാപിച്ചത് വാരണാസി പോരാട്ടത്തിന്റെ ഒാർമ്മപ്പെടുത്തലുമായാണ്. ഡൽഹിക്കു പുറത്ത് വേര് പടർത്തുന്നതിന്റെ ഭാഗമായി ആം ആദ്‌മി പാർട്ടി ഗുജറാത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് 2021ൽ സൂററ്റ് മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ വൻ മുന്നേറ്റം. മറ്റു നഗരങ്ങളിലും പാർട്ടിക്ക് വേരുകളുണ്ടായി.

ഗുജറാത്തിൽ ഇക്കുറിയും ബി.ജെ.പി വൻ വിജയം നേടുമെന്ന സൂചന ഉണ്ടായിരുന്നതിനാൽ കോൺഗ്രസിനെ പിന്തള്ളി മുഖ്യ പ്രതിപക്ഷമാകാൻ ലക്ഷ്യമിട്ടാണ് അവർ നീങ്ങിയത്. കോൺഗ്രസിന്റെ വോട്ടു ബാങ്കുകളിൽ വിള്ളൽ വീഴ്‌ത്തി കേജ്‌രിവാളും കൂട്ടരും അക്കൗണ്ട് തുറക്കുകയും ചെയ്‌തു. പത്തു ശതമാനത്തിൽ കൂടുതൽ വോട്ടു നേടിയതോടെ ദേശീയ പാർട്ടിയെന്ന വലിയ അംഗീകാരവും ഗുജറാത്ത് തിരഞ്ഞെടുപ്പ് നൽകി. ഇനി ആം ആദ്‌മി പാർട്ടിയുടെ ചിഹ്നമായ ചൂൽ അവർക്ക് സ്വന്തം. ഇന്ത്യയിലുടനീളം ആ ചിഹ്‌നത്തിൽ മത്സരിക്കാം.

ഗുജറാത്തിനൊപ്പം ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിലും ശ്രദ്ധിക്കാൻ പത്തു വർഷം മുൻപ് മാത്രം രൂപമെടുത്ത ആം ആദ്‌മി പാർട്ടിക്ക് കഴിഞ്ഞു. രണ്ടിനുമിടയിൽ ഹിമാചൽ പ്രദേശിനെ അവഗണിച്ചതിനാൽ അവിടെ സാന്നിദ്ധ്യമറിയിക്കാനായില്ല. അതേസമയം ഡൽഹി കോർപ്പറേഷനിൽ ബി.ജെ.പിയുടെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ച് ഡൽഹിയിൽ സമ്പൂർണ ആധിപത്യമുറപ്പിക്കാനായി. രാജസ്ഥാൻ ഉൾപ്പെടെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിച്ച് ദേശീയതലത്തിൽ കോൺഗ്രസിന് ബദലാകാനാകും കേജ്‌രിവാളിന്റെ അടുത്ത ലക്ഷ്യം. ദക്ഷിണേന്ത്യയിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും അവർക്ക് കണ്ണുണ്ട്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയിൽ ആം ആദ‌്‌മി പാർട്ടിക്കും കേജ‌്‌രിവാളിനും നിർണായക സ്ഥാനവും ഉറപ്പായി. കേജ്‌രിവാളിന് ഭാവിയിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവാനുള്ള സാദ്ധ്യത കൂടി നൽകുന്നുണ്ട് ഗുജറാത്ത് തിരഞ്ഞെടുപ്പ്.