ആറ് കോടിയിൽ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനം തയ്യാർ

Friday 09 December 2022 12:00 AM IST
ഇ​രി​ങ്ങാ​ല​ക്കു​ടയിലെ ​റൂ​റ​ൽ​ ​ജി​ല്ലാ​ ​പൊ​ലീ​സി​ന്റെ​ ​ആ​സ്ഥാ​ന​ ​മ​ന്ദി​ര​ം.

ഉദ്ഘാടനം 16ന്

ഇരിങ്ങാലക്കുട: റൂറൽ ജില്ലാ പൊലീസിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം 16ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിലവിൽ അയ്യന്തോളിലെ തൃശൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റൂറൽ ജില്ലാ പൊലീസ് ആസ്ഥാനമാണ് കാട്ടുങ്ങച്ചിറയിലെ പൊലീസ് സ്റ്റേഷൻ വളപ്പിലേക്ക് മാറ്റുന്നത്. പൊലീസിന്റെ റൂറൽ ജില്ലയിൽ ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ സബ് ഡിവിഷനുകളാണ് ഉൾപ്പെടുന്നത്. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് പുറമെ അഡീഷണൽ എസ്.പി, ജില്ലാ ക്രൈം റെക്കാഡ് ബ്യൂറോ ഡിവൈ.എസ്.പി, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എന്നിവരുടെ ഓഫീസും റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ മിനിസ്റ്റീരിയൽ വിംഗിലുള്ള ഉദ്യോഗസ്ഥരുടെ ഓഫീസും പുതിയ മന്ദിരത്തിലുണ്ടാകും.

നിർമ്മാണം ഇങ്ങനെ

ആറ് കോടിയോളം ചെലവഴിച്ച് നാല് നിലകളിലായി 18,000 ചതുരശ്ര അടിയിലാണ് പുതിയ ആസ്ഥാന മന്ദിരം നിർമ്മിച്ചത്. തൃശൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ നിന്ന് കാട്ടുങ്ങച്ചിറ ഡിവൈ.എസ്.പി ഓഫീസിന് മുമ്പിലൂടെ പ്രവേശനത്തിനും പൊലീസ് ക്വാട്ടേഴ്‌സുകൾക്ക് സമീപത്തുകൂടെ തിരിച്ച് റോഡിലേക്കുള്ള റോഡും നിർമ്മിക്കും. നിലവിൽ റൂറൽ വനിതാ പൊലീസ് സ്റ്റേഷൻ, സൈബർ സ്റ്റേഷൻ, കെ 9 പൊലീസ് ഡോഗ് സ്‌ക്വാഡ് എന്നിവയും ഇരിങ്ങാലക്കുടയിലുണ്ട്.

Advertisement
Advertisement