സഹ. സംഘങ്ങളിലെ തട്ടിപ്പ് തടയാൻ ഓഡിറ്റ് സംഘങ്ങൾ

Friday 09 December 2022 12:58 AM IST
തൃശൂർ: സഹകരണ സംഘങ്ങളിലെ തട്ടിപ്പും ക്രമക്കേടും തടയാൻ സഹകരണ വകുപ്പ് ആവിഷ്കരിച്ച ടീം ഓഡിറ്റ് പ്രകാരം ജില്ലയിൽ മൂന്ന് അംഗങ്ങൾ വീതമുള്ള 38 ടീമുകൾക്ക് രൂപം നൽകി. 53 ടീമാണ് വേണ്ടത്. 2022-23 വര്‍ഷത്തേത് പൂർണമായും ടീം ഓഡിറ്റിലൂടെ നിർവഹിക്കാനാണ് ശ്രമം. ജീവനക്കാരുടെ കുറവ് മൂലം 15 ടീമിൽ ആളില്ല.
  • തൃശൂരിൽ 38 ടീം

തൃശൂർ: സഹകരണ സംഘങ്ങളിലെ തട്ടിപ്പും ക്രമക്കേടും തടയാൻ സഹകരണ വകുപ്പ് ആവിഷ്കരിച്ച ടീം ഓഡിറ്റ് പ്രകാരം ജില്ലയിൽ മൂന്ന് അംഗങ്ങൾ വീതമുള്ള 38 ടീമുകൾക്ക് രൂപം നൽകി. 53 ടീമാണ് വേണ്ടത്. 2022-23 വര്‍ഷത്തേത് പൂർണമായും ടീം ഓഡിറ്റിലൂടെ നിർവഹിക്കാനാണ് ശ്രമം. ജീവനക്കാരുടെ കുറവ് മൂലം 15 ടീമിൽ ആളില്ല.

തൃശൂർ, മുകുന്ദപുരം താലൂക്കുകളില്‍ ഒഴിവുള്ള തസ്തികകളിൽ മറ്റ് താലൂക്കുകളിൽ നിന്ന് ജോലി ക്രമീകരിച്ച് ഓഡിറ്റർമാരെ നിയോഗിച്ചിട്ടുണ്ട്.

പി.എസ്.സി ലിസ്റ്റിൽ നിന്ന് നിയമനം നടത്തിയില്ലെങ്കിൽ ഓഡിറ്റ് താളം തെറ്റും. ഒഴിവ് നികത്തിയില്ലെങ്കിൽ നിലവിലെ ഓഡിറ്റ് തീർന്ന ഉടൻ ഒഴിവുള്ള ടീമുകളിലെ ഓഡിറ്റും നിർവഹിക്കേണ്ടി വരുമെന്ന ആശങ്ക ഓഡിറ്റർമാർക്കുണ്ട്. വര്‍ഷങ്ങളായി ജോലിഭാരം പേറുന്നവരാണ് പലരും. 28 അസിസ്റ്റൻ്റ് ഡയറക്ടർമാർ വേണ്ടിടത്ത് 17 പേരെ ഉള്ളൂ. സ്പെഷ്യൽ ഗ്രേഡ്, സീനിയർ ഓഡിറ്റർമാരിൽ നിന്ന് 11 പേരെ നിയോഗിച്ചാണ് ഒഴിവ് നികത്തിയിട്ടുള്ളത്. സ്പെഷ്യൽ ഗ്രേഡ്, സീനിയർ ഓഡിറ്റർമാരുടെ നേതൃത്വത്തിൽ 25 ടീമാണ് വേണ്ടതെങ്കിലും 10 എണ്ണമേ ഉണ്ടാക്കിയിട്ടുള്ളൂ.


2021-22 സാമ്പത്തിക വർഷത്തിലെ ഓഡിറ്റ് പൂർത്തിയാകാത്ത സംഘങ്ങളിലേത് അടിയന്തരമായി തീർക്കാനാണ് ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശം. കരുവന്നൂർ, കുട്ടനല്ലൂർ പോലെ ക്രമക്കേട് നടന്ന സംഘങ്ങളിലെ ഓഡിറ്റ് ശ്രമകരമാണ്. തട്ടിപ്പ് നടന്ന സ്ഥലങ്ങളിൽ കൃത്യമായ കണക്കോ രേഖകളോ ഇല്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഓഡിറ്റ് തുടരുന്ന കരുവന്നൂർ ബാങ്കിൽ ഓഡിറ്റിന് കൂടുതൽ പേരെ നിയോഗിച്ചിട്ടുണ്ട്.

ടീം ഓഡിറ്റ്

  • ആകെവേണ്ട ടീം - 53
  • അസി. ഡയറക്ടറുടടേത് - 28
  • സ്‌പെഷ്യൽ/ സീനിയർ ഓഡിറ്റർമാരുടേത് - 25
  • രൂപീകരിച്ചത് - 38
  • ഒഴിവ് - 15


അതേസമയം സഹകരണരംഗം കാര്യക്ഷമമാക്കാനുള്ള നിയമഭേദഗതി താമസിയാതെ ഉണ്ടാകും. കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ച സഹകരണ വകുപ്പ് ഉന്നതതല സമിതി സമർപ്പിച്ച നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് ഭേദഗതി.


കരട് നിർദ്ദേശങ്ങളിൽ ചിലവ

  • വിജിലൻസും ഓഡിറ്റും കാര്യക്ഷമമാക്കും.
  • നിയമനങ്ങൾ പരീക്ഷാബോർഡ് വഴിയാക്കും.
  • നിയമിക്കപ്പെടുന്നവരുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കും.
  • വായ്പാ പരിധി ലംഘിച്ചാൽ സെക്രട്ടറിക്ക് പിഴ.
  • സംഘങ്ങൾ കേരളബാങ്കിൽ മാത്രമേ നിക്ഷേപിക്കാവൂ.


ഉന്നതസമിതി നിർദ്ദേശങ്ങളിൽ ചിലവ

  • 10 ലക്ഷത്തിലധികമുള്ള വായ്പയ്ക്ക് പദ്ധതി റിപ്പോർട്ട് സമർപ്പിക്കണം.
  • നിർമ്മാണങ്ങൾക്ക് പ്‌ളാനും എസ്റ്റിമേറ്റും വേണം. വായ്പ തവണകളായി.
  • വായ്പാ അപേക്ഷ പ്രത്യേക സമിതി പരിശോധിച്ച് ശുപാർശ ചെയ്യണം.
  • ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി രജിസ്ട്രാർ സർക്കുലർ ഇറക്കണം.
  • സംഘങ്ങളിൽ പ്രൊഫഷണൽ ഡയറക്ടർമാടെ ഉൾപ്പെടുത്തണം.