തൃശൂരിൽ ദേശീയ ക്ഷേത്രകലാ ഗവേഷണ അക്കാഡമി വേണം: ടി.എൻ. പ്രതാപൻ എം.പി

Friday 09 December 2022 12:05 AM IST

തൃശൂർ: തൃശൂരിൽ ക്ഷേത്രകലാ ഗവേഷണങ്ങൾക്കായി ദേശീയ അക്കാഡമി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിൽ ടി.എൻ. പ്രതാപൻ എം.പിയുടെ സബ്മിഷൻ. തൃശൂരിൽ ക്ഷേത്രകലാ പാരമ്പര്യങ്ങൾ ഏറെയുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്ന നിലയ്ക്ക് കലാസാഹിത്യ രംഗങ്ങളിൽ തൃശൂരിന് സവിശേഷമായ സ്ഥാനമുണ്ട്.

ക്ഷേത്ര തീർത്ഥാടന ടൂറിസവുമായി ബന്ധപ്പെട്ട വലിയ സാദ്ധ്യതകളുള്ള തൃശൂരിൽ ക്ഷേത്രകലാ ഗവേഷണ അക്കാഡമി നന്നായി ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു സ്ഥാപനമാകും. നിലവിൽ വിവിധ കലാക്ഷേത്രങ്ങളും അക്കാഡമികളും തൃശൂരിൽ ഉള്ളതിനാൽ ക്ഷേത്രകലകളുടെ ഗവേഷണത്തിനും പഠനത്തിനും മ്യൂസിയത്തിനുമുള്ള ഏറ്റവും അനുയോജ്യമായ ഒരു അന്തരീക്ഷം തൃശൂരിലുണ്ടെന്ന് എം.പി ചൂണ്ടിക്കാട്ടി.