ഇന്ന് കൊടിയേറുന്നു നമ്മുടെ സ്വന്തം ഉത്സവം

Friday 09 December 2022 12:39 AM IST

തീർത്ഥാടനത്തിനെത്തുന്നതു പോലെയാണ് ‌ഭൂരിപക്ഷം ഡെലിഗേറ്റുകളും കേരളത്തിലെ സ്വന്തം ഫിലിമോത്സവത്തിനെത്തുന്നത്. മികച്ച സിനിമ തേടി ഒരു തിയേറ്ററിൽ നിന്നും മറ്റൊന്നിലേക്ക്. സംസാരിക്കുന്നതും ചിന്തിക്കുന്നതും സിനിമയെക്കുറിച്ച് മാത്രം. ഇക്കൂട്ടത്തിൽ സിനിമയെ സമീപിക്കുന്ന കന്നിക്കാരായ വിദ്യാ‌ർത്ഥികൾ മുതൽ കഴിഞ്ഞ 26 പ്രാവശ്യവും ഐ.എഫ്.എഫ്.കെയും അതിനേക്കാൾ കൂടുതൽ പ്രാവശ്യം ഐ.എഫ്.എഫ്.ഐയുമൊക്കെ ആസ്വദിച്ച് തഴക്കം വന്നവരുമൊക്കെയുണ്ടാകും.

ലോകകപ്പ് ഫുട്ബാൾ മാച്ചുകൾ കാണുന്നതുപോലുള്ള ആവേശമാണ് ഫിലിമോത്സവത്തിനെത്തുന്നവർക്കും. കളി കാണുന്ന ചിലർക്ക് മിക്കവാറും ടീമിലെ കളിക്കാരുടെ പേരുകളും മുൻകാല പെർഫോമൻസുമൊക്കെ അറിയാമായിരിക്കും. മറ്റ് ചിലർക്ക് റൊണാൾഡോ, മെസി, നെയ്‌മർ, എംബാപ്പെ എന്നിവരെക്കുറിച്ച് മാത്രമേ അറിവുണ്ടാകൂ. രണ്ടുകൂട്ടരും കളികാണുന്നത് ഒരേ ആവേശത്തോടെയാണ്. കൂടുതൽ കളികാണുമ്പോൾ കൂടുതൽ കളിക്കാരെക്കുറിച്ചും പഠിക്കും. അതുപോലെ തന്നെയാണ് സിനിമയും. ഓരോ മേളയും സിനിമയെക്കുറിച്ചും ചലച്ചിത്രപ്രവ‌ർത്തകരെ കുറിച്ചുമൊക്കെ പുതിയ അറിവ് നൽകും.

ഇന്നു മുതൽ 16 വരെ നടക്കുന്ന മേളയിൽ ആസ്വദിക്കാനായി 70 രാജ്യങ്ങളിൽ നിന്നായി 186 സിനിമകളുണ്ട്. അന്താരാഷ്ട്ര മത്‌സരവിഭാഗത്തിൽ 14, മലയാള സിനിമ ഇന്നിൽ 12, ഇന്ത്യൻ സിനിമ ഇന്നിൽ ഏഴ്, ലോകസിനിമാ വിഭാഗത്തിൽ 78 സിനിമകൾ എന്നിങ്ങനെയാണ് പ്രദർശനം. 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദർശനത്തിന് മേള വേദിയാകും. ആകെ 14 തിയേറ്ററുകൾ. 12000ത്തോളം ഡെലിഗേറ്റുകൾ പങ്കെടുക്കും. 200 ഓളം ചലച്ചിത്രപ്രവർത്തകർ അതിഥികളായിയെത്തും. അതിൽ 40 പേ‌ർ വിദേശികളാണ്.

സമകാലിക ലോകസിനിമയിലെ അതികായന്മാരായ ജാഫർ പനാഹി, ഫത്തിഹ് അകിൻ, ക്രിസ്റ്റോഫ് സനൂസി തുടങ്ങിയവരുടെ ഏറ്റവും പുതിയ ചിത്രങ്ങളും കിം കി ഡുക്കിന്റെ അവസാനചിത്രം കാൾ ഓഫ് ഗോഡ്-ഉം മേളയിൽ പ്രദർശിപ്പിക്കും. തൽസമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശബ്ദ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അൻപതുവർഷം പൂർത്തിയാവുന്ന അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിന്റെ പ്രത്യേക പ്രദർശനവും ജി. അരവിന്ദൻ ഒരുക്കിയ 'തമ്പി'ന്റെ പുനരുദ്ധരിച്ചപതിപ്പിന്റെ പ്രദർശനവും മേളയിലുണ്ടാകും.