അഭിഭാഷക ക്ഷേമനിധി ഫണ്ട് തട്ടിപ്പ് മുൻകൂർ ജാമ്യാപേക്ഷയിൽ നോട്ടീസ്

Friday 09 December 2022 2:10 AM IST

ന്യൂഡൽഹി:കേരള ബാർ കൗൺസിലിന്റെ അഭിഭാഷക ക്ഷേമനിധി ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഈ കേസിലെ പ്രതികളായ ജയപ്രഭ, ഫാത്തിമ ഷെറിൻ, മാർട്ടിൻ എ, ആനന്ദരാജ്, ധനപാലൻ, രാജഗോപാലൻ പി എന്നിവരാണ് മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. 7.61 കോടി രൂപയാണ് ക്ഷേമനിധി ഫണ്ടിൽ തിരിമറി നടത്തി തട്ടിയെടുത്തതെന്നാണ് സി.ബി.ഐ ചാർജ്ജ് ചെയ്ത എഫ്.ഐ.ആറിൽ പറയുന്നത്. കേസിലെ ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും ഇതിനോടകം സ്ഥിരം ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി.ചിദംബരേഷ് ചൂണ്ടിക്കാട്ടി. ഇതിനെ തുടർന്ന് അന്വേഷണ ഏജൻസിയായ സി.ബി.ഐക്ക് നോട്ടീസ് അയക്കുകയായിരുന്നു.