ഇന്ന് കൊടിയേറ്റം@ തലസ്ഥാനത്ത് ഇനി ലോകസിനിമയുടെ പൂരക്കാഴ്‌ച

Friday 09 December 2022 6:27 AM IST

ഉദ്ഘാടനച്ചടങ്ങിന് ശേഷം പുർബയൻ ചാറ്റർജിയുടെ സിതാർ സംഗീതക്കച്ചേരി

തിരുവനന്തപുരം : കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 27-ാം പതിപ്പിന് ഇന്ന് കൊടിയേറുന്നതോടെ അനന്തപുരി ലോകസിനിമകളുടെ ലോകത്തേയ്ക്ക് മിഴിതുറക്കും.എട്ടു ദിവസങ്ങളിലായി 70 രാജ്യങ്ങളിൽനിന്നുള്ള 186 സിനിമകൾ പ്രദർശിപ്പിക്കും.ഇന്ന് വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി.എൻ.വാസവൻ വാർത്താസമ്മേളത്തിൽ അറിയിച്ചു.ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും.ഇറാനിയൻ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്കുള്ള 'സ്‌പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും.യാത്രാനിയന്ത്രണങ്ങൾ കാരണം മഹ്നാസിന് നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിനാൽ ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചൽ സംഗാരി പുരസ്‌കാരം ഏറ്റുവാങ്ങും.ഫെസ്റ്റിവൽ ബുക്ക് മന്ത്രി ആന്റണി രാജുവിന് നൽകി മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്യും. ഫെസ്റ്റിവൽ ബുള്ളറ്റിൻ മേയർ ആര്യാരാജേന്ദ്രന് നൽകി മന്ത്രി ജി.ആർ.അനിലും ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ.കരുണിന് നൽകി വി.കെ.പ്രശാന്ത് എം.എൽ.എയും പ്രകാശനം നിർവഹിക്കും. ഉദ്ഘാടനച്ചടങ്ങിനുശേഷം പുർബയൻ ചാറ്റർജിയുടെ സിതാർ സംഗീതക്കച്ചേരി ഉണ്ടായിരിക്കും.തുടർന്ന് ഉദ്ഘാടന ചിത്രം പ്രദർശിപ്പിക്കും.

വിരുന്നൊരുക്കുന്ന സിനിമകൾ

ഉദ്ഘാടനചിത്രം.....ടോറി ആൻഡ് ലോകിത (ബെൽജിയം, ഫ്രാൻസ് സംയുക്ത സംരംഭം)
അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ......... 14

മലയാള സിനിമ ടുഡേ വിഭാഗത്തിൽ....... 12

ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ............ 7

ലോകസിനിമാ വിഭാഗത്തിൽ..................... 78

ആദ്യ പ്രദർശനത്തിനെത്തുന്നത്............. 12

ആകെ തിയേറ്ററുകൾ................................... 14

Advertisement
Advertisement