മാൻഡോസ് ചുഴലിക്കാറ്റ് ഇന്ന് കരതൊടും; തമിഴ്‌നാട്ടിലും ആന്ധ്രാ, പുതുച്ചേരി തീരത്തും അതിശക്തമായ മഴ മുന്നറിയിപ്പ്, കേരളത്തിലെ സ്ഥിതി ഇങ്ങനെ

Friday 09 December 2022 7:03 AM IST

ചെന്നൈ: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലനിന്ന ന്യൂനമർദ്ദം മാൻഡോസ് ചുഴലിക്കാറ്റായി ഇന്ന് തമിഴ്‌നാട്-ആന്ധ്രാ തീരം തൊടും. മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റർ വരെ വേഗതയിലാണ് ഇന്ന് ചുഴലി കരതൊടുക. വെള‌ളിയാഴ്‌ച അ‌‌ർദ്ധരാത്രിയോടെയാകും കരയിലെത്തുക എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ കാരയ്‌ക്കലിൽ നിന്നും 270 കിലോമീ‌റ്റർ അകലെയാണ് ചുഴലിക്കൊടുങ്കാറ്റിന്റെ സ്ഥാനം. എന്നാൽ ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ മാത്രമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

പുതുച്ചേരിയ്‌ക്കും ശ്രീഹരിക്കോട്ടയ്‌ക്കും മദ്ധ്യേ കരതൊടുന്ന കാ‌റ്റ് വടക്കുപടിഞ്ഞാറ് ദിശയിലാകും കരയിൽ സഞ്ചരിക്കുക. ഇവിടെ എൻ‌ഡിആർഎഫ് സംഘങ്ങളെയടക്കം നിയോഗിച്ചിട്ടുണ്ട്. ഇവർ ജാഗരൂകരാണ്. കാറ്റിനെ തുടർന്ന് തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.