ഈ 'കോട്ട് ധരിച്ചാൽ ഒരു ക്യാമറയിലും നിങ്ങൾ പെടില്ല; സിസിടിവിയിൽ നിന്ന് രക്ഷപ്പെടാൻ 'ഇൻവിസ് ഡിഫൻസ് കോട്ടു'മായി ബിരുദ വിദ്യാർത്ഥികൾ, ചെലവ് വളരെ കുറവ്

Friday 09 December 2022 11:31 AM IST

പല കുറ്റവാളികളെയും കണ്ടെത്താൻ സഹായിക്കുന്നത് സിസിടിവി ക്യാമറകളാണ്. ഇത്തരം ക്യാമറകളിൽ നമ്മുടെ രൂപം പതിഞ്ഞില്ലെങ്കിലോ? പല കുറ്റവാളികളും രക്ഷപ്പെടും. അത്തരത്തിലൊരു കണ്ടുപിടിത്തവുമായെത്തിയിരിക്കുകയാണ് ചൈനയിലെ വുഹാൻ സർവകലാശാലയിലെ നാല് ബിരുദ വിദ്യാർത്ഥികൾ.


സുരക്ഷാ ക്യാമറകളിൽ നിന്ന് മനുഷ്യശരീരത്തെ മറയ്ക്കാൻ കഴിയുന്ന 'കോട്ട്' വിദ്യാർത്ഥികൾ കണ്ടെത്തിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.'ഇൻവിസ് ഡിഫൻസ് കോട്ട്' എന്നാണ് വിദ്യാർത്ഥികൾ ഇതിന് നൽകിയിരിക്കുന്ന പേര്.

വിമതർ, കുടിയേറ്റ തൊഴിലാളികൾ, വംശീയ ന്യൂനപക്ഷങ്ങൾ എന്നിവരെ ട്രാക്ക് ചെയ്യാനും നിരീക്ഷിക്കാനും ചൈനീസ് അധികൃതർ ഉപയോഗിക്കുന്ന അത്യാധുനിക ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യയെ മറികടക്കാൻ കഴിയുന്നതാണ് ഈ 'ഇൻവിസ് ഡിഫൻസ് കോട്ട്' എന്നാണ് വിദ്യാർത്ഥികളുടെ അവകാശവാദം.


പകൽ സമയത്ത് 'ഇൻവിസ് ഡിഫൻസ് കോട്ട്' ഒരു സാധാരണ ടീഷർട്ട് ആയി ഉപയോഗിക്കാം. എന്നാൽ രാത്രിയിൽ ഇവ ക്യാമറകളിൽ നിന്ന് അപ്രത്യക്ഷമാകാൻ സഹായിക്കും. കാമ്പസിലെ സുരക്ഷാ ക്യാമറകളിൽ ഈ കോട്ട് പരീക്ഷിച്ച് വിജയിച്ചതാണെന്നും വിദ്യാർത്ഥികൾ പറയുന്നു. വളരെ ചെലവ് കുറവാണ് എന്നതാണ് ഈ കോട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏകദേശം 500 യുവാൻ ( ഏകദേശം 6,000 രൂപ) ആണ് ചെലവ് വരുന്നത്.

കഴിഞ്ഞ നവംബർ 27ന് വാവെയ് ടെക്നോളജീസ് സ്പോൺസർ ചെയ്ത ക്രിയേറ്റീവ് മത്സരത്തിൽ ഇൻവിസ്ഡിഫൻസ് കോട്ട് ഒന്നാം സമ്മാനം നേടിയിരുന്നു. അതേസമയം, ചൈനീസ് സർക്കാർ ഈ കോട്ട് നിരോധിക്കാൻ സാദ്ധ്യതയുണ്ടെന്ന രീതിയിലുള്ള റിപ്പോർട്ടുകളുമുണ്ട്.

Advertisement
Advertisement