ഈസ്റ്റിന്റെ സ്മാഷ്.

Saturday 10 December 2022 1:45 AM IST

കാഞ്ഞിരപ്പള്ളി . നാല് നാൾ നീണ്ടുനിന്ന റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് വർണാഭമായ കൊടിയിറക്കം. 753 പോയിന്റുമായി കോട്ടയം ഈസ്റ്റ് ഉപജില്ല ജേതാക്കളായി. 704 പോയിന്റുമായി ചങ്ങനാശേരിയാണ് രണ്ടാമത്. ആദ്യദിനങ്ങളിൽ മൂന്നാമതായിരുന്ന ആതിഥേയരായ കാഞ്ഞിരപ്പള്ളിയെ അവസാനദിനത്തിലെ അപ്രതീക്ഷിത കുതിപ്പിലൂടെ പിന്നിലാക്കി 631 പോയിന്റുമായി പാലാ മൂന്നാമതെത്തി. സ്‌കൂൾ വിഭാഗത്തിൽ ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് എച്ച് എസ്.എസ് 269 പോയിന്റോടെ വീണ്ടും കലാകീരിടത്തിൽ മുത്തമിട്ടു. തുടർച്ചയായി 21 -ാം തവണയാണ് ഇവർ വിജയികളാകുന്നത്. കോട്ടയം മൗണ്ട് കാർമൽ എച്ച് എസ് എസ് 183 പോയിന്റുമായി രണ്ടാമതും, കാഞ്ഞിരപ്പള്ളി എ കെ. ജെ എം എച്ച് എസ് എസ് 180 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി.

അറബി കലോത്സവം ഹൈസ്‌കൂൾ വിഭാഗത്തിൽ ഈരാറ്റുപേട്ട ഉപജില്ല 95 പോയിന്റുമായി ചാമ്പ്യൻമാരായി. സ്‌കൂൾ തലത്തിൽ 70 പോയിന്റ് നേടിയ ഈരാറ്റുപേട്ട മുസ്ലിംഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിനാണ് കിരീടം. യു പി വിഭാഗത്തിൽ ഈരാറ്റുപേട്ടയും കാഞ്ഞിരപ്പള്ളിയും 65 പോയിന്റുകൾ വീതം നേടി ചാമ്പ്യൻഷിപ്പ് പങ്കിട്ടു. 48 പോയിന്റുമായി കോട്ടയം ഈസ്റ്റ് ഉപജില്ലയാണ് രണ്ടാമതായി. സ്‌കൂൾ വിഭാഗത്തിൽ കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച് എസ് എസിനാണ് കിരീടം. സംസ്‌കൃതോത്സവം ഹൈസ്‌കൂൾ വിഭാഗത്തിൽ കോട്ടയം വെസ്റ്റാണ് ഒന്നാമത്. പാമ്പാടി, രാമപുരം ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. സ്‌കൂൾ വിഭാഗത്തിൽ 86 പോയിന്റുമായി ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് എച്ച് എസ് എസാണ് ഒന്നാമത്. യു പി വിഭാഗത്തിൽ 90 പോയിന്റുകൾ നേടിയ പാമ്പാടി ഒന്നാമതായി. കൊഴുവനാൽ ഉപജില്ല രണ്ടാമതും തൊട്ടുപിന്നിൽ കറുകച്ചാലുമാണ്. 73 പോയിന്റുമായി ഒളയനാട് എസ് ജി എം യു പി സ്‌കൂൾ ഒന്നാമതെത്തി.