ഹിമാചൽ വിജയത്തിന് പിന്നാലെ കോൺഗ്രസിൽ അടി തുടങ്ങി, മുഖ്യമന്ത്രി പദത്തിനായി സുഖ്‌വീന്ദർ സിംഗ് സുഖും പ്രതിഭാ സിംഗും തമ്മിൽ ത‌ർക്കം, കേന്ദ്രനേതാക്കളെ തടഞ്ഞു

Friday 09 December 2022 6:48 PM IST

ന്യൂഡൽഹി : അഞ്ചുവർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിസ്ഥാനത്തിനായി തർക്കം മുറുകുന്നു. സുഖ്‌വീന്ദ‌ർ സുഖുവിന് പുറമേ മുഖ്യമന്ത്രി പദത്തിനായി പി,സി,സി അദ്ധ്യക്ഷ പ്രതിഭാ സിംഗും അവകാശമുന്നയിച്ചതോടെയാമ് കോൺഗ്രസിൽ പ്രതിസന്ധി ഉടലെടുത്തത്. സുഖുവിനാണ് കൂടുതൽ എം.എൽ.എമാരുടെ പിന്തുണയെന്നാണ് റിപ്പോർട്ടുകൾ,

അതേസമയം 15 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് പ്രതിഭാ സിംഗ് അവകാശപ്പെടുന്നമത്. നേതാക്കൾ തമ്മിലുള്ള തർക്കം തെരുവിലേക്കും നീണ്ടു. പ്രതിഭാ സിംഗ് അനുകൂലികൾ നിരീക്ഷകനായ ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാഹനം തടഞ്ഞു. കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ രംഗത്തുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭാ കക്ഷിയോഗം അല്പസമയത്തിനകം ചേരും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻ പി,സി.സി അദ്ധ്യക്ഷൻ സുഖ്‌വീന്ദർ സിംഗ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകൾ ഉയർന്നുവന്നതോടെയാണ് പ്രതിഭാ സിംഗും അവകാശവാദവുമായി രംഗത്തെത്തിയത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയായ പ്രതിഭ സിംഗ് മാണ്ഡിയിൽ നിന്നുള്ള ലോക്‌സഭാംഗമാണ്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പ്രതിഭാ സിംഗ് മത്സരിച്ചിരുന്നില്ല. മുഖ്യമന്ത്രിയാകുകയാണെങ്കിൽ അവർക്ക് എം.പി സ്ഥാനം രാജി വയ്ക്കേണ്ടി വരും.

68 അംഗ ഹിമാചൽ നിയമസഭയിൽ 40 സീറ്റ് നേടിയാണ് കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചത്. കോൺഗ്രസ് എം.എൽ.എമാരിൽ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ മുൻ പി.സി.സി അദ്ധ്യക്ഷനും പ്രചാരണ സമിതി അദ്ധ്യക്ഷനുമായ സുഖ്‌വീന്ദർ സിംഗ് സുഖുവിനാണ്. നൗദാൻ മണ്ഡലത്തിൽ നിന്നാണ് 58കാരനായ സുഖു വിജയിച്ചത്. അഞ്ചാംതവണയാണ് അദ്ദേഹം നിയമസഭയിലേക്ക് വിജയിക്കുന്നത്. രാജ്‌പുത് സമുദായത്തിൽപെട്ടയാളാണ് സുഖു, പ്രതിഭാ സിംഗും രാജ് പുത് സമുദായത്തിൽപെട്ടതാണ്, മുകേഷ് അഗ്നിഹോത്രി ബ്രാഹ്മണ സമുദായാംഗമാണ്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ ഗ്രൂപ്പിസം ഇല്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും പ്രതിഭാ സിംഗ് പറഞ്ഞു. തർക്കം തുടർന്നാൽ തീരുമാനം പാർട്ടി കേന്ദ്രനേതൃത്വത്തിന് വിടാനാണ് സാദ്ധ്യത.