പള്ളിക്കുന്നിലെ ജാവാ ഷോറൂമിൽ മോഷണം: 2.85 ലക്ഷം വിലയുള്ള ബൈക്ക് കവർന്നു
കണ്ണൂർ: പള്ളിക്കുന്ന് ചെട്ടിപീടികയിലെ ജാവാ ഷോറൂമിൽ നിന്നു ബൈക്ക് മോഷണം പോയി. 2,85,000 രൂപ വിലയുള്ള യെസ്ഡി കമ്പനിയുടെ അഡ്വെഞ്ചർ ബൈക്കാണ് മോഷണം പോയത്. ബൈക്കിനോടൊപ്പം ഇരുപതിനായിരം രൂപ വിലവരുന്ന രണ്ട് ജാക്കറ്റുകളും ടീഷർട്ടുകളും മോഷണം പോയിട്ടുണ്ട്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം.
കവർച്ച നടത്തിയത് ഉൾപ്പെടെ ഒമ്പത് ബൈക്കുകളാണ് ഷോറൂമിൽ ഡിസ്പ്ലേ ചെയ്തിരുന്നത്. മോഷണം നടത്തിയവരുടെ ദ്യശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. മാസ്ക്, ഗ്ലൗസ്, തൊപ്പി ധരിച്ചെത്തിയ മോഷ്ടാക്കൾ ഷോറൂമിന്റെ മുൻവശത്തെ പൂട്ട് തകർത്തതിനു ശേഷമാണ് ഉള്ളിൽ കയറി കവർച്ച നടത്തിയത്. അകത്ത് കയറിയ കള്ളൻ ബൈക്ക് സ്റ്റാർട്ടാക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് പുറത്തുപോയി ഇന്ധനം നിറച്ചതിനു ശേഷമാണ് ബൈക്ക് പുറത്തേക്ക് മാറ്റുന്നത്. ടൗൺ സി.ഐ ബിനുമോഹന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഫിംഗർ പ്രിന്റ് ബ്യൂറോ, ഡോഗ് സ്ക്വാഡ് എന്നിവ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂർ സ്വദേശി അബ്ദുൾ റയീസിന്റെ ഉടമസ്ഥതയിലാണ് ഷോറൂം.