സർക്കാർ ഭൂമി കൈയേറി വില്പന വിജിലൻസ് പിടികൂടി; ഉദ്യോഗസ്ഥരുടെ ഇടപെടലും അന്വേഷിക്കും

Saturday 10 December 2022 1:26 AM IST

കാസർകോട്: മഞ്ചേശ്വരം താലൂക്കിലെ മുളിഞ്ച വില്ലേജിൽ ബുറാക്ക് സ്ട്രീറ്റ് എന്ന സ്ഥലത്ത് സർക്കാർ ഭൂമി കൈയേറി വർഷങ്ങളായി കൈവശം വച്ച് വിൽപ്പന നടത്തിയ സംഭവം വിജിലൻസ് അന്വേഷണത്തിൽ പിടികൂടി. കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ഉപ്പള മുളിഞ്ച ഗ്രൂപ്പ് വില്ലേജ് ഓഫീസിലും മഞ്ചേശ്വരം താലൂക്ക് ഓഫീസിലും സ്ഥലത്തും പരിശോധന നടത്തി വെട്ടിപ്പ് കണ്ടെത്തിയത്.

സർക്കാർ ഭൂമി കൈയേറി ഉപയോഗിച്ച് വരികയും റീസർവ്വേ നടത്തുമ്പോൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സ്വന്തം പേരിലാക്കുകയും ചെയ്തു. പിന്നീട് സ്ഥലം ഭാര്യയുടെ പേരിൽ ഇഷ്ടദാനം നൽകി രജിസ്റ്റർ ചെയ്യുകയും പിന്നീട് ഭാഗങ്ങളാക്കി വിൽപന നടത്തുകയും ചെയ്യുകയുണ്ടായി. ഇങ്ങനെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തി സ്വന്തമാക്കി വിൽപന നടത്തുന്നതുവരെ യുള്ള വിവിധ നടപടിക്രമങ്ങൾ മുളിഞ്ച വില്ലേജ്, മഞ്ചേശ്വരം താലൂക്ക് റവന്യൂ ഉദ്യോഗസ്ഥർ , റീസർവ്വേ ഉദ്യോഗസ്ഥർ, മഞ്ചേശ്വരം സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ അന്യായമായി കൂട്ടുനിൽക്കുകയും ചെയ്തുവെന്ന് ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് വിജിലൻസ് ഡിവൈ. എസ്. പി കെ.വി വേണുഗോപാലൻ പറഞ്ഞു. മഞ്ചേശ്വരം റീ സർവ്വേ സൂപ്രണ്ട് എം. ആരീഫുദ്ദീൻ, വിജിലൻസ് സബ് ഇൻസ്പെക്ടർ ഈശ്വരൻ നമ്പൂതിരി, അസി. സബ് ഇൻസ്പെക്ടർമാരായ വി. എം മധുസൂദനൻ, സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി. രാജീവൻ , കെ.ബി ബിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.