റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി: എക്സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്
പറവൂർ: റഷ്യയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതിയിൽ എക്സൈസ് ഉദ്യോഗസ്ഥൻ വാണിയക്കാട് ആലിംഗപൊക്കം അറക്കപറമ്പിൽ എ.ജെ. അനീഷിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ചെറിയപ്പിള്ളി കാട്ടിക്കുളം നികത്തിൽ വീട്ടിൽ സനീഷിന്റെ പരാതിയിലാണ് കേസെടുത്തത്. രണ്ടര ലക്ഷത്തിലധികം രൂപയാണ് സനീഷിൽ നിന്ന് അനീഷ് വാങ്ങിയിരുന്നത്. പറവൂർ പൊലീസ് സ്റ്റേഷനിൽ അനീഷിനെതിരെ കൂടുതൽ പേർ പരാതി നൽകിയിട്ടുണ്ട്.
എറണാകുളം എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ ഓഫീസറായ അനീഷ് റഷ്യയിലെ കൃഷിത്തോട്ടങ്ങളിലും ഒരു സ്ഥാപനത്തിലും ജോലി നൽകാമെന്ന് പറഞ്ഞ് എറണാകുളം ഉൾപ്പെടെ കേരളത്തിലെ വിവിധ ജില്ലകളിലെ അറുപത്തിയഞ്ചോളം പേരുടെ കയ്യിൽ നിന്ന് പണം വാങ്ങിയിട്ടുള്ളതായാണ് വിവരം. മറ്റൊരാളുടെ അക്കൗണ്ട് വഴിയാണ് അനീഷ് പണം സ്വീകരിച്ചത്. പണം നൽകിയവരിൽ ചിലർ വ്യാഴാഴ്ച അനീഷിന്റെ വാണിയക്കാട്ടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു.
അനീഷ് കുറെ നാളുകളായി ശമ്പളമില്ലാതെ അവധിയിൽ പ്രവേശിച്ചിരിക്കുകയായിരുന്നു. അവധിയെടുത്ത ശേഷമാണ് ഇടപാടുകൾ നടത്തിയതെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ. എക്സൈസ് അധികൃതർ പൊലീസിനോട് എഫ്.ഐ.ആറിന്റെ പകർപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ലഭിച്ചാൽ ഉടൻ അനീഷിനെതിരെ നടപടിയെടുക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. ഒളിവിൽക്കഴിയുന്ന അനീഷിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.