അനധികൃതമായി സൂക്ഷിച്ച 184ചാക്ക് റേഷനരി പിടിച്ചെടുത്തു

Saturday 10 December 2022 1:39 AM IST

പാറശാല: സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷനരി സിവിൽ സപ്ലൈസ് അധികൃതരുടെ സംഘം പിടിച്ചെടുത്തു.പാറശാല ഇഞ്ചിവിളയിലെ ഒരു സ്വകാര്യ ഗോഡൗണിൽ 184ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 9200 കിലോ തൂക്കം വരുന്ന കേരളത്തിൽ നിന്നും വിതരണം ചെയ്യുന്ന റേഷനരിയും ഫുഡ്കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ മുദ്ര പതിപ്പിച്ച ചാക്കുകളുമാണ് അതിർത്തിക്ക് സമീപത്തെ ഗോഡൗണിൽ നിന്നും പിടിച്ചെടുത്തത്.

ജില്ലാ സപ്ലൈ ഓഫീസർ ഉണ്ണികൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസർ സതീഷ് കുമാർ, അസിസ്റ്റൻറ് താലൂക്ക് സപ്ലൈ ഓഫീസർ സ്മിത, റേഷനിംഗ് ഓഫീസർമാരായ സിജി, ഗിരീഷ് ചന്ദ്രൻ നായർ, അരുണ എന്നിവർ പങ്കെടുത്തു. പിടിച്ചെടുത്ത റേഷനരിയും ഫുഡ്കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ മുദ്ര പതിപ്പിച്ച ചാക്കുകളും അമരവിളയിലെ സിവിൽ സപ്ലൈസ് വക ഗോഡൗണിലേക്ക് മാറ്റി. റേഷനരി കടത്തുമായി ബന്ധപ്പെട്ട പരിശോധനകൾ തുടരുന്നതാണെന്നും പിടിച്ചെടുത്ത റേഷനരിയുടെ വിവരങ്ങൾ കളക്ടർക്ക് കൈമാറുന്നതാണെന്നും അധികൃതർ അറിയിച്ചു. ഇന്നലെ 12 മണിയോടെ സിവിൽ സപ്ലൈസ് അധികൃതർ നടത്തിയ റെയ്ഡ് വൈകിട്ട് 5.30വരെ തുടർന്നു. ഗോഡൗണിൽ മൂന്ന് തൊഴിലാളികൾ മാത്രമാണ് ഉണ്ടായിരുന്നത്. സിവിൽ സപ്ലൈ അധികൃതർക്ക് ലഭിച്ച വിവരങ്ങളെ തുടർന്നായിരുന്നു റെയ്ഡ്.