ഈ വിജയം ഇവരുടേതും.

Saturday 10 December 2022 12:20 AM IST

കാഞ്ഞിരപ്പള്ളി:ഹയർസെക്കൻഡറി നാടൻപാട്ടിൽ ഒന്നാം സ്ഥാനം കിടങ്ങൂർ എൻ എസ് എസ് എച്ച് എസ് എസിലെ പെൺകുട്ടികൾക്കാണെങ്കിലും ആ വിജയം വയനാട്ടിൽ നിന്നെത്തിയ സുരാഗും മനീഷിനും കൂടി അവകാശപ്പെട്ടതാണ്. തങ്ങളുടെ തനത് കലാരൂപമാണ് ഇവർ കുട്ടികളെ പഠിപ്പിച്ചത്. വയനാട് തിരുനെല്ലി പനവല്ലിയാണ് സ്വദേശം. കാട്ടുനായ്ക്കർ ഗോത്രവിഭാഗത്തിൽപ്പെട്ട ഇവർ കോൽക്കളിക്ക് പാടുന്ന പാട്ടാണ് കുട്ടികൾക്ക് പകർന്നുനൽകിയത്. ജോഡു മറ, ദംബട്ടെ, ബുറുഡെ ഗജ് തുടങ്ങിയ വാദ്യോപകരണങ്ങളും കൊണ്ടുവന്നു. ചെറുപ്പം മുതൽ പാട്ടു പാടുന്ന ഇവർക്ക് തിടമ്പ് ഗോത്രകലാസമിതി എന്ന പേരിൽ പനവല്ലിയിൽ നാടൻപാട്ട് സംഘവുമുണ്ട്. 2019 ൽ പാലാ ഇടനാട് എൻ എസ് എസ് ഹൈസ്‌കൂൾ സംസ്ഥാന കലോത്സവത്തിൽ നാടൻപാട്ടിൽ എഗ്രേഡ് നേടിയത് ഇവരുടെ പിന്തുണയിലാണ്. ഒരാഴ്ച മുൻപ് വയനാട്ടിൽ നിന്ന് സ്‌കൂളിലെത്തിയ ഇവർ മൂന്ന് ദിവസം കൊണ്ട് കുട്ടികളെ പരിശീലിപ്പിച്ച് വേദിയിലെത്തിച്ചു. അടുത്ത ദിവസം ചെന്നൈയിൽ പരിപാടി അവതരിപ്പിക്കാനായി ഇരുവരും പുറപ്പെടും.