നൂറ് പിന്നിട്ട പൊയ്യയിലെ കഥകളിയുടെ കഥ

Friday 09 December 2022 9:36 PM IST

  • കെ.സി.എസ്.എം നാട്യസംഘം നൂറിന്റെ നിറവിൽ

മാള : കലാമണ്ഡലത്തിന് പത്ത് വർഷം മുന്നേ കഥകളി പഠനത്തിന് ഗ്രാമീണാന്തരീക്ഷത്തിൽ തുടക്കമിട്ട പൊയ്യയിലെ കെ.സി.എസ്.എം (കാട്ടൂക്കാരൻ ചാന്തു സന്തപ്പൻ മെമ്മോറിയൽ) കഥകളി സംഘം നൂറിന്റെ നിറവിൽ. 1917ലാണ് നാട്യസംഘത്തിന്റെ പിറവിയുടെ കഥയാരംഭിക്കുന്നത്. കുഡുംബി സമുദായത്തിൽപെട്ട കാട്ടൂക്കാരൻ ചാന്തു സന്തപ്പൻ കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി കാണാനെത്തുന്നു. അന്ന് കണ്ട കഥകളി അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു. എങ്ങനെയും കഥകളി പഠിക്കണം. മക്കളെയും അനുജനെയും പഠിപ്പിക്കണം. അങ്ങനെ ഒരു കഥകളി യോഗം തുടങ്ങാനായി ഗുരുനാഥനെ കണ്ടെത്താനായി ശ്രമം. പറവൂർ ഏഴീക്കരയിലെ പത്മനാഭൻ നായരിൽ അന്വേഷണം അവസാനിച്ചു. ഗുരുനാഥനും കുടുംബത്തിനും താമസിക്കാനുള്ള വീട് പൊയ്യയിൽ ഒരുക്കിക്കൊടുത്ത് കഥകളി പഠനം തുടങ്ങി. അങ്ങനെ 1920ഓടെ പൊയ്യയിലെ കെ.സി.എസ് കഥകളി സംഘം ചരിത്രത്തിന്റെ ഭാഗമായി. കൊവിഡിൽ തെല്ല് കാലിടറിയെങ്കിലും ഇപ്പോഴത്തെ അമരക്കാരൻ കാട്ടൂക്കാരൻ സന്തപ്പൻ ശിവരാമനും (78) മകൻ കാർത്തികേയനും വർദ്ധിത വീര്യത്തോടെ കഥകളി സംഘത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്. സംഘത്തിന്റെ ചരിത്രം ഇന്നും ശിവരാമന് പ്രചോദനമാണ്. ശിവരാമൻ അതിങ്ങനെ തുടരുന്നു.

"അന്ന് 22 ഓളം പേർ വേഷം, ചെണ്ട, മദ്ദളം, പാട്ട് തുടങ്ങിയവ മൂന്ന് വർഷം കൊണ്ട് പഠിച്ചു. ഗുരുദക്ഷിണ, ഉത്തരാസ്വയംവരം, രാജസൂയം തുടങ്ങി 15 ൽ പരം കഥകളി അവതരിപ്പിച്ചു. തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ കഥകളി കൊച്ചി മഹാരാജാവിന് ഇഷ്ടപ്പെട്ടു. സന്തപ്പന് തിരുവഞ്ചിക്കുളം മൂപ്പൻ എന്ന സ്ഥാനപ്പേര് നൽകി, തൃപ്പൂണിത്തറയിലേക്ക് ക്ഷണിച്ചു. അവിടെ അദ്ദേഹത്തിന് മുന്നിൽ 1922 മുതൽ 1936 വരെ പരിപാടി അവതരിപ്പിച്ചു. " അക്കാലം ഓർമ്മിക്കുമ്പോൾ ശിവരാമന്റെ കണ്ണുകൾ തിളങ്ങുന്നു. "ഇപ്പോൾ ഇത്തിരി ക്ഷീണത്തിലാണ്." ശിവരാമൻ പറയുന്നു.

പ്രളയവും കൊവിഡ് മഹാമാരിയും സംഘത്തെ വല്ലാതെ ബാധിച്ചു. അഞ്ചാം തലമുറയിലെ കുട്ടികൾ ട്രൂപ്പിലുണ്ട്. പക്ഷേ പരിശീലനത്തിന്റെ തുടർച്ച ഇല്ലാതായി. കഥകളി യോഗത്തിന്റെ സാധനസാമഗ്രികൾ വയ്ക്കാനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനും സൗകര്യമുള്ള കെട്ടിടമില്ല. പലരെയും സമീപിച്ചു. ആരും സഹായിച്ചില്ല, സർക്കാരുകളൊന്നും. ഇപ്പോൾ കഥകളി കോപ്പുകളായ കിരീടം, മെയ്യാഭരണം മുതലായ സ്വന്തമായി ഉണ്ടാക്കും. അറ്റകുറ്റപണി നടത്തും. ചെണ്ടയുടെ വട്ടം ഉണ്ടാക്കും. ഒരു ചെണ്ടയുടെ രണ്ട് വട്ടം മാറ്റുമ്പോൾ 5,000 രൂപ വരെ ലഭിക്കും. ആ വരുമാനമാണ് കൊവിഡിൽ തുണയായത്. കൂലിപ്പണിക്കാരാണെങ്കിലും ഈ കഥകളി യോഗത്തെ മുന്നോട്ടുകൊണ്ടു പോകണം. ശിവരാമൻ ശുഭാപ്തി വിശ്വാസത്തോടെ പറഞ്ഞു.