കൈത്തറി ഉത്പാദന ചെലവ് കുറക്കും

Saturday 10 December 2022 12:18 AM IST

കണ്ണൂർ: കൈത്തറി മേഖലയിലെ ഉത്പാദന ചെലവ് കുറയ്ക്കാനുള്ള നിർദ്ദേശങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് വിദഗ്ദ്ധ സമിതി. കൈത്തറി മേഖല നേരിടുന്ന പ്രതിസന്ധി പഠിക്കാനും പ്രശ്‌ന പരിഹാരം നിർദ്ദേശിക്കാനും സർക്കാർ നിയോഗിച്ച സംഘം ജില്ലയിൽ കൈത്തറി സംഘങ്ങൾ സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ഹാൻഡ്‌ലൂം ഡയറക്ടർ കെ.എസ് അനിൽകുമാർ, ഹാൻടെക്‌സ് പ്രസിഡന്റ് കെ. മനോഹരൻ, മുൻ ഹാൻഡ്‌ലൂം ഡയറക്ടർ കെ.എസ് പ്രദീപ്കുമാർ, കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ അക്കാഡമിക് പ്രതിനിധി പ്രൊഫ. ആനന്ദക്കുട്ടൻ ഉണ്ണിത്താൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി അസി. പ്രൊഫസർ പി.ആർ ദിവ്യ, കണ്ണൂർ വീവേഴ്‌സ് സർവീസ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ എസ്.ടി സുബ്രഹ്മണ്യൻ എന്നിവരാണ് സമിതിയിലുള്ളത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ കൈത്തറി സംഘങ്ങൾ, കണ്ണൂർ ഹാൻഡ്‌വീവ്, കൈത്തറി കയറ്റുമതിക്കാർ, ജില്ലാ കൈത്തറി വികസന സമിതി തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ.എസ് ഷിറാസ് സംസാരിച്ചു. വ്യാഴാഴ്ചയാണ് വിദഗ്ധ സമിതി ജില്ലയിലെ വിവിധ കൈത്തറി സംഘങ്ങൾ സന്ദർശിച്ചത്.

ദേശീയ കൈത്തറി ഫാഷൻ ഷോ: ലോഗോ പ്രകാശനം ചെയ്തു

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി കോളേജ് ഓഫ് കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗുമായി ചേർന്ന് ഫെബ്രുവരിയിൽ കണ്ണൂരിൽ സംഘടിപ്പിക്കുന്ന ദേശീയ ഫാഷൻ ഷോയുടെ ലോഗോ പ്രകാശനം ചെയ്തു. മുതിർന്ന കൈത്തറി തൊഴിലാളി എലിയൻ ശങ്കരൻ ഹാൻടെക്‌സ് പ്രസിഡന്റ് കെ. മനോഹരന് കൈമാറി പ്രകാശനം നിർവ്വഹിച്ചു. സംസ്ഥാന ഹാൻഡ്‌ലൂം ഡയറക്ടർ കെ.എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ഹാൻഡ്‌ലൂം ഡയറക്ടർ കെ.എസ് പ്രദീപ്കുമാർ, കണ്ണൂർ നിഫ്റ്റ് അസി. പ്രൊഫസർ പി.ആർ ദിവ്യ, കണ്ണൂർ വീവേഴ്‌സ് സർവീസ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ എസ്.ടി സുബ്രഹ്മണ്യൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ.എസ് ഷിറാസ്, ഐ.ഐ.എച്ച്.ടി എക്‌സിക്യുട്ടീവ് ഡയറക്ടർ എൻ. ശ്രീധന്യൻ, ടെക്‌നിക്കൽ സൂപ്രണ്ട് എം. ശ്രീനാഥ് എന്നിവർ പങ്കെടുത്തു.