ജലസമ്പത്ത് കുറയുന്നു

Saturday 10 December 2022 12:09 AM IST

കണ്ണൂർ: വേനലെത്തും മുമ്പ് ഭൂജല സമ്പത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ബ്ലോക്കുകൾ ഗുരുതര വിഭാഗത്തിലെന്ന് റിപ്പോർട്ട്. കാസർകോട് ജില്ലയിലെ കാസർകോട്, പാലക്കാട് ജില്ലയിലെ ചിറ്റൂർ, മലമ്പുഴ ബ്ലോക്കുകളാണ് ജലലഭ്യതയുടെ കാര്യത്തിൽ പിന്നിൽ നിൽക്കുന്നത്. ഈ ബ്ലോക്കുകളിൽ ഭൂജല വിനിമയത്തിന് കേരള ഭൂജലത്തിന്റെ നിയന്ത്രണവും ക്രമീകരണവും ആക്ട് അനുസരിച്ച് നിയന്ത്രണങ്ങൾ ഉണ്ട്. 152 ബ്ലോക്കുകളിൽ 29 എണ്ണം സെമിക്രിട്ടിക്കൽ വിഭാഗത്തിലാണ്. ജലദൗർലഭ്യം പരിഹരിക്കാനായി ഒരു വർഷം 10,​000 കുടുംബങ്ങളാണ് സംസ്ഥാന ഭൂജല വകുപ്പിന്റെ ശാസ്ത്ര സാങ്കേതിക സേവനം പ്രയോജനപ്പെടുത്തുന്നത്.

അശാസ്ത്രീയമായ കുഴൽക്കിണർ നിർമാണം, ജനസാന്ദ്രത, കാലാവസ്ഥാ വ്യതിയാനം, ജലസ്രോതസുകളുടെ അമിത ചൂഷണം തുടങ്ങിയ കാരണങ്ങളാണ് ജലദൗർലഭ്യത്തിന് കാരണമാകുന്നതെന്ന് കേന്ദ്ര ഭൂജല ബോർഡും സംസ്ഥാന ഭൂജല വകുപ്പും സംയുക്തമായി നടത്തിയ പഠനത്തിൽ പറയുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുഴൽക്കിണറുകളും വെള്ളമില്ലാത്ത കുഴൽക്കിണറുകളുമുള്ള ജില്ലയാണ് കാസർകോട്. കാർഷിക മേഖലയിലെ അനിയന്ത്രിതമായ ജലസേചനമാണ് ഇതിന് കാരണം. കാസർകോട് ബ്ലോക്കിലെ 97.72 ശതമാനം ഭൂഗർഭജലവും ഉപയോഗിച്ചു കഴിഞ്ഞുവെന്ന് 2017ൽ ഗ്രൗണ്ട് വാട്ടർ എസ്റ്റിമേഷൻ കമ്മിറ്റി റിപ്പോർട്ട് ചെയ്തിരുന്നു. കാറഡുക്ക ബ്ലോക്കിൽ കാർഷിക ജലസേചനം 3585.89 ഹെക്ടർ മീറ്ററാണ്. മഞ്ചേശ്വരത്ത് 5769.94 ഹെക്ടർ മീറ്റർ, കാഞ്ഞങ്ങാട് 3970.95 ഹെക്ടർ മീറ്റർ എന്നിങ്ങനെയാണ് കണക്ക്. ഇത് ഇവിടങ്ങളിലെ ഗാർഹിക ഉപയോഗത്തിന്റെ അഞ്ചിരട്ടിയാണ്.

പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ 2013ലെ ജല ഉപയോഗം 100.90 ശതമാനം ആയിരുന്നെങ്കിൽ ഇപ്പോൾ 104.49 ശതമാനമാണ്. മലമ്പുഴയിലേത് 92.27 ശതമാനത്തിൽ നിന്നും 97.72 ശതമാനത്തിൽ എത്തി. സംസ്ഥാനത്തെ മൊത്തം ജലസുരക്ഷിത ബ്ലോക്കുകളുടെ എണ്ണം 131ൽ നിന്ന് 120 ആയി കുറയുകയും ചെയ്തു.

സുരക്ഷിതം, ഗുരുതരം

ലഭ്യമാകുന്ന ജലത്തിന്റെ 70 ശതമാനത്തിൽ താഴെ മാത്രം ഉപയോഗിക്കുന്ന മേഖലകളാണ് ജലസുരക്ഷിത ബ്ലോക്കുകൾ (സേഫ് ബ്ലോക്ക്). 70 മുതൽ 90 ശതമാനം വരെ ജലം ചെലവഴിക്കുന്ന മേഖലകളെ സെമി ക്രിട്ടിക്കൽ ബ്ലോക്കുകളെന്നും ജലത്തിന്റെ ചെലവ് 100 ശതമാനത്തിനോടടുത്തോ അതിനു മുകളിലോ ഉള്ള മേഖലകളെ ക്രിട്ടിക്കൽ ബ്ലോക്കുകളെന്നും വിളിക്കുന്നു.

ആകെ ബ്ലോക്കുകൾ 152

ക്രിട്ടിക്കൽ 3

സെമിക്രിട്ടിക്കൽ 29

സുരക്ഷിതം 120