സഖിയിൽ ഇക്കൊല്ലം ലഭിച്ചത് 382 പരാതികൾ

Friday 09 December 2022 9:46 PM IST

തൃശൂർ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടഞ്ഞ് ഇരകൾക്ക് ആവശ്യമായ സഹായമെത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഈ വർഷം ലഭിച്ചത് 382 പരാതികൾ. കൊവിഡിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഭൂരിഭാഗവും ഗാർഹിക പീഡനങ്ങളും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടവയാണ്.
വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിൽ കേന്ദ്ര സഹായത്തോടെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലാണ് 2018 മുതൽ സഖി പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം 398 പരാതി ലഭിച്ചിരുന്നു. ഇതിൽ 250 എണ്ണം പരിഹരിച്ചു. താമസസൗകര്യം, കൗൺസലിംഗ്, പൊലീസ് സേവനം, നിയമ, വൈദ്യസഹായം എന്നിവ ഉൾപ്പെടെ അഞ്ച് സേവനങ്ങളാണ് അതിജീവിതകൾക്ക് സൗജന്യമായി സെന്ററിൽ നൽകിവരുന്നത്. അതിക്രമം നേരിട്ടവർക്ക് അഞ്ച് ദിവസം വരെ ഇവിടെ താമസിക്കാം. കൂടുതൽ ദിവസം തങ്ങാനുള്ള സൗകര്യം ഡൊമസ്റ്റിക് ഷെൽട്ടർ ഹോമിലുണ്ട്. സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും.

Advertisement
Advertisement