മുൻഗണനാ റേഷൻകാർഡ് കൈവശം വച്ച്, പിടിച്ചത് 150ഓളം സർക്കാർ ഉദ്യോഗസ്ഥരെ

Friday 09 December 2022 9:55 PM IST

തൃശൂർ : അനർഹമായി മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡ് കൈവശം വച്ച് പിടികൂടിയത് 150 ലേറെ സർക്കാർ ഉദ്യോഗസ്ഥരെ. പൊതുവിതരണ ഉപഭോക്തൃ വിഭാഗം നടത്തിയ ഓപ്പറേഷൻ യെല്ലോയിലാണ് അനർഹമായി ഭക്ഷ്യധാന്യം കൈപ്പറ്റുന്ന സർക്കാർ ഉദ്യോഗസ്ഥരെ കണ്ടെത്തിയത്. മുൻഗണനാ റേഷൻ കാർഡിലുൾപ്പെട്ടവരുടെ കാർഡിൽ സർക്കാർ ഉദ്യോഗസ്ഥരുണ്ടെങ്കിൽ ഉടനെ മാറ്റണമെന്ന നിർദ്ദേശം സർക്കാർ തലത്തിൽ പലതവണ നൽകിയിരുന്നു.

ഇത്തരത്തിൽ ഭക്ഷ്യധാന്യം വാങ്ങുന്നവർക്ക് കൂടുതൽ വിലയ്ക്ക് മറിച്ചുവിൽക്കുന്ന സംഭവങ്ങളും അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കൂടാതെ ആഢംബര കാറുള്ളവർ, ഒരേക്കറിൽ കൂടുതൽ സ്ഥലമുള്ളവർ, ആദായനികുതി അടയ്ക്കുന്നവരടക്കമുള്ളവരെയും പിടികൂടിയിരുന്നു. പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് അനർഹരെ കണ്ടെത്തി പിഴയടപ്പിച്ചത്. താലൂക്ക് സപ്‌ളൈ ഓഫീസർമാരായ ജോസി ജോസഫ്, സൈമൺ ജോസ്, സാബു പോൾ തട്ടിൽ, ടി.ജി സിന്ധു, ഐ.വി സുധീർ കുമാർ, ജോസഫ് ആന്റോ, കെ.പി ഷെമീർ എന്നിവരുടെയും റേഷനിംഗ് ഇൻസ്‌പെക്ടർമാരുടെയും നേതൃത്വത്തിലാണ് പരിശോധന നടന്നുവരുന്നത്. എട്ട് ലക്ഷത്തോളം റേഷൻ കാർഡുകളാണ് നിലവിലുള്ളത്. 3.60 ലക്ഷം കാർഡുകളാണ് മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ടത്. പിടിച്ചെടുത്തവ മുൻഗണനാ വിഭാഗത്തിലേക്ക് അർഹരായവർക്ക് നൽകുമെന്ന് അധികൃതർ പറഞ്ഞു. 2164 അനർഹ റേഷൻകാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി.

അനർഹ റേഷൻകാർഡുകൾ പിടികൂടിയത്

സർക്കാർ ഉദ്യോഗസ്ഥർ 150 ഒരേക്കറിന് മുകളിൽ സ്ഥലമുള്ളവർ 48 ആഢംബര കാറുള്ളവർ 905 ആദായ നികുതി അടക്കുന്നവർ 23

പിഴ രണ്ട് കോടിയിലേറെ

അനർഹമായി മുൻഗണനാ വിഭാഗത്തിലെ കാർഡ് കൈവശം വച്ച് ആനുകൂല്യം കൈപ്പറ്റിയതിന് രണ്ട് കോടിയിലേറെ രൂപയാണ് പിഴടയ്ക്കാൻ നിർദ്ദേശിച്ചത്. ഇതിൽ ഇതുവരെ ഒരു കോടി രൂപയ്ക്ക് മുകളിൽ പിഴയടപ്പിച്ചതായി പൊതുവിതരണ വകുപ്പ് അധികൃതർ പറഞ്ഞു. ഏറ്റവും കൂടുതൽ പിഴയടപ്പിച്ചത് തലപ്പിള്ളി താലൂക്കിലും കുറവ് കുന്നംകുളം താലൂക്കിലുമാണ്.

ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നമ്പർ 9188527301. ടോൾഫ്രീ നമ്പർ 1967.

ആകെ പിഴയടപ്പിച്ചത്

1,00,52,362

താലൂക്ക് അടിസ്ഥാനത്തിൽ

തലപ്പിള്ളി 26,69,719 ചാവക്കാട് 21,35,938 തൃശൂർ 17,13,431 ചാലക്കുടി 16,77,535 മുകുന്ദപുരം 6,62,940

അനർഹർ മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നതിനെ കുറിച്ച് ജനങ്ങൾക്ക് ഉദ്യോഗസ്ഥരെ അറിയിക്കാം. വിവരം തരുന്നവരുടെ പേരു വിവരം രഹസ്യമായി സൂക്ഷിക്കും.

പി.ആർ ജയചന്ദ്രൻ ജില്ലാ സപ്‌ളൈ ഓഫീസർ