കരുതലൊരുക്കി കളക്ടര്‍, നിറചിരിയോടെ കുരുന്നുകള്‍
തൃശൂർ: ഓട്ടിസം ബാധിച്ച കുരുന്നുകൾക്ക് സ്‌നേഹ സാന്ത്വനവുമായി പെരിങ്ങാവ് ഓട്ടിസം സ്‌പെഷ്യൽ സ്‌കൂളിലെത്തി കളക്ടർ ഹരിത വി.കുമാർ. സ്‌കൂളിൽ തൊഴിൽ പരിശീലന കേന്ദ്രത്തിന്റെയും കെയർ ഗിവേഴ്‌സ് പരിശീലന പരിപാടിയുടെയും ഉദ്ഘാടനത്തിനെത്തിയതായിരുന്നു കളക്ടർ. പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച ഉൽപന്നങ്ങൾ കണ്ട് അതിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ചു. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ പരിശീലനം നൽകേണ്ടതിന്റെ പ്രാധാന്യം കളക്ടർ വിശദീകരിച്ചു. ഓട്ടിസം ബാധിച്ചവർക്ക് കൃത്യമായ പരിശീലനം നൽകിയാൽ അവരെ മുഖ്യധാരയിലെത്തിക്കാമെന്നും കളക്ടർ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ 2008ൽ തൃശൂരിൽ ആരംഭിച്ച ഓട്ടിസം സെന്ററിൽ സ്പീച്ച് തെറാപ്പി, യോഗ, ഡാൻസ്, മ്യൂസിക് തെറാപ്പി, കൗൺസലിംഗ്, ബിഹേവിയർ തെറാപ്പി, കമ്പ്യൂട്ടർ പരിശീലനം, ചൈൽഡ് സൈക്കോളജി തുടങ്ങിയ മേഖലകളിൽ ക്ലാസുണ്ട്. ഓട്ടിസം, മെന്റൽ റിട്ടാർഡേഷൻ, സെറിബ്രൽ പാൾസി എന്നീ അവസ്ഥയിലുള്ള കുട്ടികളെ പരിപാലിക്കാനുള്ള ഒരു മാസം നീണ്ടുനിൽക്കുന്ന സൗജന്യ പരിശീലന പരിപാടിയാണ് കെയർ ഗിവേഴ്‌സ് ട്രെയിനിംഗ്. 9745614208 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പരിശീലനം.