ഏകസിവിൽ കോഡ് സ്വകാര്യബിൽ വീണ്ടും: എതിർപ്പുമായി പ്രതിപക്ഷം

Saturday 10 December 2022 12:00 AM IST

ന്യൂഡൽഹി:ഏക സിവിൽ കോഡിനായി ബി.ജെ.പി എം.പി ഡോ. കിറോഡി ലാൽ മീണ കൊണ്ടുവന്ന സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകിയതിൽ രാജ്യസഭയിൽ പ്രതിഷേധം. ബില്ലിനെ എതിർത്ത് പ്രതിപക്ഷം കൊണ്ടു വന്ന മൂന്ന് പ്രമേയങ്ങൾ ശബ്ദവോട്ടോടെ തള്ളി ( 63 - 23 )​. ബി.ജെ.പി വിപ്പ് നൽകി അംഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയപ്പോൾ പ്രതിപക്ഷത്ത് കോൺഗ്രസ് അംഗങ്ങളുടെ അടക്കം അസാന്നിധ്യമാണ് എതിർ ശബ്ദം ഇത്രയും ശുഷ്‌കമാവാൻ കാരണം.

ബില്ലിന് അവതരണാനുമതി നൽകരുതെന്ന് സി.പി.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം, ഉപനേതാവ് ബികാഷ് രഞ്ജൻ ഭട്ടാചാര്യ, വിപ്പ് ഡോ. വി. ശിവദാസൻ, ഡോ. ജോൺ ബ്രിട്ടാസ്, എ. എ. റഹീം, സി.പി.ഐ എം.പിമാരായ ബിനോയ് വിശ്വം, സന്തോഷ് കുമാർ, മുസ്ളീം ലീഗ് എംപി അബ്‌ദുൾ വഹാബ് തുടങ്ങിയവർ സഭാദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകറിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം എതിർത്തതോടെ വോട്ടെടുപ്പിലൂടെ കിറോഡി ലാൽ മീണയ്‌ക്ക് ബിൽ അവതരിപ്പിക്കാൻ സഭാദ്ധ്യക്ഷൻ അനുമതി നൽകുകയായിരുന്നു.

ശരി അത്ത് പോലുള്ള മതാധിഷ്‌ഠിത വ്യക്തി നിയമങ്ങൾക്ക് പകരം രാജ്യത്താകെ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമായ ഏകീകൃത നിയമസംഹിത നടപ്പാക്കാനുള്ള ബി. ജെ. പിയുടെ ദീർഘകാല ശ്രമത്തിന്റെ ഭാഗമായാണ് സ്വകാര്യ ബിൽ അവതരിപ്പിച്ചത്.

മുൻപ് നിരവധി സെഷനുകളിൽ സ്വകാര്യ ബിൽ അവതരണം പ്രതിപക്ഷം തടഞ്ഞിരുന്നു. ആ ബിൽ മനഃപൂർവ്വമാണ് ബി.ജെ.പി വീണ്ടും കൊണ്ടുവരുന്നതെന്ന് മുസ്ളീം ലീഗ് എം.പി അബ്‌ദുൾ വഹാബ് പറഞ്ഞു. എത്ര ഭൂരിപക്ഷമുണ്ടായാലും ആർക്കും ഇന്ത്യയിൽ ഏകസിവിൽ കോഡ് നടപ്പാക്കാനാകില്ല. വോട്ടെടുപ്പ് വേളയിൽ കോൺഗ്രസ് അംഗങ്ങളുടെ അസാന്നിധ്യം നിരാശയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് അംഗം ജെബി മേത്തർ, ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു. ന്യൂനപക്ഷ ശബ്‌ദം അടിച്ചമർത്തപ്പെടുന്ന കാലമാണിത്. ഭരണഘടനാ ശിൽപി അംബേദ്‌കർ അടക്കം വിഭാവനം ചെയ്‌ത ഇന്ത്യ ഇങ്ങനെയല്ല. ഇത്തരം ബില്ലുകൾ രാജ്യത്തെ സമാധാനം കെടുത്തുമെന്നും ജെബി ചൂണ്ടിക്കാട്ടി.

ഏക സിവിൽ കോഡ് ആവശ്യമുള്ളതോ,​ അഭികാമ്യമോ അല്ലെന്ന ലാ കമ്മിഷൻ റിപ്പോർട്ട് സി. പി. എം. എ.പി ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

മതേതര രാജ്യമായ ഇന്ത്യയിൽ എല്ലാ വിഭാഗം ആളുകൾക്കും സംരക്ഷണമുണ്ടെന്നും ഏകസിവിൽ കോഡ് നടപ്പാക്കാനാകില്ലെന്നും എളമരം കരീം പറഞ്ഞു. ഇതേപറ്റി എല്ലാവരുമായും ചർച്ച വേണം. അല്ലെങ്കിൽ രാജ്യത്ത് പ്രതിഷേധം കത്തിപ്പടരും. തൊഴിലാളികളുടേതടക്കം നിരവധി പ്രശ്‌നങ്ങൾ അവഗണിച്ച് ഏകസിവിൽ കോഡിന് പിന്നാലെ പോകുന്നത് രഹസ്യ അജണ്ടയാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisement
Advertisement