മാൻഡോസ് ഇന്ന് തീരത്ത്: 16 വിമാനങ്ങൾ റദ്ദാക്കി

Saturday 10 December 2022 1:09 AM IST

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മാൻഡോസ് ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാടിന്റെ തീരം തൊടുമെന്ന് ജാഗ്രതാ നിർദ്ദേശം നൽകിയതിനു പിന്നാലെ ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 16 വിമാനങ്ങൾ റദ്ദാക്കി. തമിഴ്നാട്ടിലെ 13 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെയും തമിഴ്നാട് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിന്റെ 40 അംഗങ്ങളടങ്ങുന്ന സംഘത്തെയും സജ്ജമാക്കി.

രക്ഷാപ്രവ‌ർത്തനത്തിനും ദുരിതാശ്വാസത്തിനുമായി 16,​000 പൊലീസുകാരെ വിന്യസിച്ചു. ചെന്നൈ,​ വെല്ലൂർ,​ വില്ലുപുരം,​ കടലൂർ,​ റാണിപ്പേട്ട്,​ തിരുവള്ളൂർ,​ ചെങ്കൽപട്ട്,​ കാഞ്ചീപുരം തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജനങ്ങളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്നും കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്നാട്,​ ആന്ധ്രാപ്രദേശ്,​ പുതുച്ചേരി എന്നിവിടങ്ങളിലാണ് മാൻഡോസ് ജാഗ്രതാ നിർദ്ദേശം നല്കിയിട്ടുള്ളത്.

അതേസമയം തമിഴ്നാടിന്റെ ചില പ്രദേശങ്ങളിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയുണ്ട്. ചെന്നൈ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ട്രെയിൻ,​ ബസ് സർവീസുകളും മുടങ്ങി. ചെന്നൈ മറീന ബീച്ചിൽ ഒരു കോടിയിലേറെ രൂപയ്‌ക്ക് ഭിന്നശേഷിക്കാർക്കായി നിർമ്മിച്ച തടിപ്പാലം ശക്തമായ തിരയിൽ തകർന്നു. ആന്ധ്രാപ്രദേശിൽ ചില പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി. ശക്തമായ തിരമാലകളിൽ പുതുച്ചേരിയിലും നാശനഷ്ടങ്ങളുണ്ടായി.

മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിൽ മാൻഡോസ് തീരം തൊടുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പു പ്രകാരം 12 കിലോമീറ്റ‌ർ വേഗതയിൽ ബംഗാൾ ഉൾക്കടലിന് മുകളിലൂടെ പടിഞ്ഞാറ് - വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് നിലവിൽ ദുർബലമാണ്.

മാൻഡോസ്

ലോക കാലാവസ്ഥാ സംഘടനയുടെ അംഗങ്ങളിലൊന്നായ യു.എ.ഇ ആണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് മാൻഡോസ് എന്ന പേര് നിർദ്ദേശിച്ചത്. മാൻ- ഡൗസ് എന്ന് പിരിക്കാവുന്ന ഈ അറബി വാക്കിന്റെ അർത്ഥം നിധി പെട്ടി എന്നാണ്. സാവധാനം ചലിക്കുന്ന എന്നാൽ ധാരാളം ഈർപ്പം വലിച്ചെടുക്കുന്ന ചുഴലിക്കാറ്രിനാണ് യു.എ.ഇ ഈ പേര് നിർദ്ദേശിച്ചത്.