സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും പണവും മദ്യവും: നടപടി​യി​ല്ലാത്തതി​ൽ പ്രതി​ഷേധം ശക്തം

Saturday 10 December 2022 2:11 AM IST

മട്ടാഞ്ചേരി:സബ് രജിസ്റ്റർ ഓഫീസിൽ നി​ന്ന് കണക്കിൽപ്പെടാത്ത പണവും മദ്യവും പിടിച്ചെടുത്ത സംഭവത്തിൽ തുടർ നടപടികളില്ലാത്തതിൽ പ്രതിഷേധം ശക്തം. സംസ്ഥാനത്തെ 76 ഓഫിസുകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ മാസം പതിനഞ്ചിന് നടത്തിയ പരിശോധനയിലാണ് മട്ടാഞ്ചേരിയിൽ നിന്ന് 6240 രൂപയും ഒരു കുപ്പി മദ്യവും വിജിലൻസ് പിടിച്ചെടുത്തത്. ഓഫീസിൽ ഇപ്പോഴും അഴിമതി തുടരുകയാണെ ന്ന് പരാതി​യുണ്ട്.

വിജിലൻസ് പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിട്ടും വകുപ്പ് തല നടപടികളൊന്നുമില്ലാത്തതാണ് പ്രതിഷേധത്തിന് വഴിവച്ചത്. ആധാരം എഴുത്തുകാർ മുഖേനെ കൈക്കൂലി വാങ്ങുന്നതായുള്ള പരാതി നേര ത്തെ ഉയർന്നിരുന്നു. മുദ്ര പത്രത്തിന്റെ വിലയ്ക്കും എഴുത്ത് ഫീസിനും പുറമേ ഉദ്യോഗസ്ഥർക്ക് നൽകുവാൻ പണം ഇടപാടുകാരിൽ നിന്ന് ചോദിച്ച് വാങ്ങുന്നുവെന്ന പരാതിയിലാണ് വിജിലൻസ് ഒരേ സമയം മിന്നൽ പരിശോധന നടത്തിയത്. ഓഫിസിലെ അഴിമതി അവസാനിപ്പിക്കാൻ നടപടിയില്ലാത്തതിൽ ആധാരം എഴുത്ത്കാർക്കിടയിലും പ്രതിഷേധമുണ്ട്.

മാത്രമല്ല, ഇടപ്പള്ളി, പെരുമ്പാവൂർ സബ് രജിസ്ട്രാർ ഓഫീസുകളി​ൽ നി​ന്നും കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തിരുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധം പരിപാടികൾ സംഘടിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് ജനകീയ സംഘടനകൾ.