ഗുജറാത്ത്: ബിജെപി നിയമസഭാ കക്ഷി യോഗം ഇന്ന്
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ ബി.ജെ.പി എം.എൽ.എമാർ ഇന്ന് രാവിലെ 10 ന് ഗാന്ധിനഗറിൽ യോഗം ചേർന്ന് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. 12ന് ഉച്ചയ്‌ക്ക് രണ്ടിന് ഗാന്ധിനഗർ അസംബ്ലി ഹെലിപാഡ് ഗ്രൗണ്ടിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഭൂപേന്ദ്ര പട്ടേൽ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും.
മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും രാജി ഗവർണർ ആചാര്യ ദേവവ്രത് സ്വീകരിച്ചതായി ചീഫ് വിപ്പ് പങ്കജ് ദേശായി പറഞ്ഞു.
തിരഞ്ഞെടുപ്പ് ചിത്രം
ഭരണവിരുദ്ധ വികാരം തടയാൻ സിറ്റിംഗ് എം.എൽ.എമാർക്ക് പകരം ബി.ജെ.പി രംഗത്തിറക്കിയ 45 സ്ഥാനാർത്ഥികളിൽ 43പേരും ജയിച്ചു.
156 എം.എൽ.എമാരെ ലഭിച്ചതോടെ 2026 പകുതിയോടെ ഗുജറാത്തിലെ 11 രാജ്യസഭാ സീറ്റുകളും ബി.ജെ.പി സ്വന്തമാക്കും
നിലവിൽ ബി.ജെ.പിക്ക് എട്ടും കോൺഗ്രസിന് മൂന്നും അംഗങ്ങളാണുള്ളത്.
പഴയ ഭൂപേന്ദ്ര പട്ടേൽ സർക്കാരിലെ 20 മന്ത്രിമാരിൽ 19 പേരും വിജയിച്ചു. കീർത്തിസിംഗ് വഗേല പരാജയപ്പെട്ടു.
ആം ആദ്മി പാർട്ടിയുടെ 128 സ്ഥാനാത്ഥികൾക്കും കോൺഗ്രസിന്റെ 41 പേർക്കും കെട്ടിവച്ച കാശ് പോയി