ഊർന്നുപോകുന്ന മനുഷ്യാവകാശങ്ങൾ

Saturday 10 December 2022 12:00 AM IST

ഇന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം. രണ്ടാം ലോകമഹായുദ്ധാനന്തരമാണ് മനുഷ്യാവകാശങ്ങളെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം ഗൗരവമായി ചർച്ചചെയ്തു തുടങ്ങിയത്. നാസിസത്തിന്റെയും ഫാസിസത്തിന്റെയും കാലത്ത് ഭരണകൂടങ്ങൾ പൗരന്റെ അവകാശങ്ങൾ കവർന്നെടുക്കുകയും മനുഷ്യന് മൃഗങ്ങൾക്ക് ലഭിക്കേണ്ട പരിഗണനപോലും നിഷേധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ സാർവലൗകിക മാനവികതാബോധം ഉരുത്തിരിഞ്ഞത്.

1948 ഡിസംബർ 10 ന് പാരീസിൽ ചേർന്ന ഐക്യരാഷ്ടസഭയുടെ ജനറൽ അസംബ്ലി അംഗീകരിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം മാനവചരിത്രത്തിലെ സുപ്രധാന രേഖയാണ് . അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബർ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നത്. എല്ലാവർക്കും അന്തസും സ്വാതന്ത്ര്യവും നീതിയും മനുഷ്യാവകാശങ്ങൾക്കായി നിലകൊള്ളുക എന്നതാണ് ഈ വർഷത്തെ മനുഷ്യാവകാശ ദിനത്തിന്റെ മുദ്രാവാക്യം. എല്ലാമനുഷ്യരുടേയും അർഹതയായി കരുതപ്പെടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് മനുഷ്യാവകാശം എന്നറിയപ്പെടുന്നത്.

സാമൂഹ്യനീതി നിഷേധിക്കപ്പെടുമ്പോഴും ജനാധിപത്യക്രമം പാലിക്കപ്പെടാതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴും ഇല്ലാതാവുന്നത് മനുഷ്യാവകാശങ്ങളാണ്. ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി, സിവിൽ രാഷ്ട്രീയ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി എന്നിവയെല്ലാം ഉൾക്കൊണ്ടതാണ് അന്താരാഷ്ട്ര മനുഷ്യാവകാശനിയമം. പദവിയിലും അവകാശങ്ങളിലും എല്ലാ മനുഷ്യരും തുല്യരായി ജനിക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് യു.എൻ മനുഷ്യാവകാശരേഖ ആരംഭിക്കുന്നത്. സ്വതന്ത്രരായി ജനിക്കുന്ന മനുഷ്യന് സ്വാഭാവികമായി ലഭിക്കേണ്ട അവകാശമാണ് മനുഷ്യാവകാശമെന്നും ജീവനും സ്വാതന്ത്യത്തിനും സുരക്ഷിതത്വത്തിനും എല്ലാവർക്കും അവകാശമുണ്ടെന്നും രേഖ പ്രഖ്യാപിക്കുന്നു.

ലോകം കാൽപ്പന്തിന്റെ പിറകേ ജ്വരംപിടിച്ച് പായുന്ന ദിനങ്ങളിലാണ് ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന് 74 വയസായെന്ന് ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്. 2022 ലെ ഖത്തർ വേൾഡ് കപ്പിനുള്ള സ്റ്റേഡിയം നിർമാണത്തിനായി അന്യദേശങ്ങളിൽ നിന്നുവന്ന കരാർത്തൊഴിലാളികൾ കൊടുംചൂടിൽ, കഠിനാദ്ധ്വാനം കെട്ടിപ്പൊക്കിയ മൈതാനങ്ങളിലും സ്റ്റേഡിയങ്ങളിലും ലോകം ഉറങ്ങാതിരുന്ന് ആർപ്പുവിളിക്കുമ്പോൾ, അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാതെ ജീവൻ നഷ്ടമായ കരാർ തൊഴിലാളികളുടെ എണ്ണം 6500 എന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. കണക്കുകൾ പെരുപ്പിച്ചതാണെന്ന് ഖത്തർ ഭരണാധികാരികൾ. 37 തൊഴിലാളികൾ മാത്രമേ മരണപ്പെട്ടിട്ടുള്ളുവത്രേ! ഇതൊന്നും ആരുടേയും ഉറക്കം കെടുത്തുന്നില്ല. തൊഴിൽ രംഗത്തെ കൊടിയ ചൂഷണവും മോശമായ തൊഴിൽ സാഹചര്യങ്ങളും ഈ തർക്കത്തിൽ ആരും വലിയ ചർച്ചയാക്കിയതു പോലുമില്ലെന്നാണ് മനുഷ്യാവകാശ ധ്വംസനങ്ങളുടെ വർത്തമാനകാലം സൂചിപ്പിക്കുന്നത്.
ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരിൽ കുർദിഷ് വനിതയായ മഹ്സാ അമിനിയെന്ന 22കാരിയെ കൊലപ്പെടുത്തി. ഇതിനെതിരെ പ്രതിഷേധിച്ചവർ കൂട്ടക്കൊലയ്ക്ക് വിധേയമാകുന്നു. വെള്ളവും വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെട്ട് ഏതു നിമിഷവും വധിക്കപ്പെടാമെന്ന ആശങ്കയിൽ കഴിയുന്ന ഉക്രയിനിലെ മനുഷ്യർ, ഭയരഹിതമായി ഉറങ്ങാൻ കഴിയാത്ത സ്ത്രീകൾ, ഒന്നുറക്കെ കരയാൻ പോലും കഴിയാത്ത കുട്ടികൾ തുടങ്ങി ലഹരിമാഫിയെ ചോദ്യം ചെയ്തതിന് ആക്രമിക്കപ്പെട്ട വിദ്യാർത്ഥി നേതാവായ പെൺകുട്ടി ഇങ്ങനെ മനുഷ്യന്റെ അന്തസ്സിന്, ജീവന്, സുരക്ഷയ്ക്ക് മേൽ ഉയരുന്ന കൈകളെ ചങ്ങലയ്ക്കിടണമെന്ന് കൂടി ഈ അന്തർ ദേശീയ മനുഷ്യാവകാശ ദിനം വിളിച്ചു പറയുന്നു.

ലോകത്തെമ്പാടും മനുഷ്യർ ധനമൂലധന ശക്തികളുടെ ദയാരഹിതമായ ചൂഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. തൊഴിലും കൂലിയും ഭക്ഷണവും പാർപ്പിടവും സാമൂഹ്യനീതിയും നിഷേധിക്കപ്പെടുന്നു.. ധനമൂലധനത്തിന്റെ കടന്നുകയറ്റവും ലാഭാധിഷ്ഠിതമായ അതിന്റെ വ്യാപനവും മനുഷ്യാവകാശങ്ങൾക്ക് കവചമൊരുക്കാനല്ല, സമ്പന്നവിഭാഗത്തിന് കാവലൊരുക്കാനാണ് തയ്യാറാകുന്നത്. ഭീകരവാദവും വംശീയ വർഗീയപ്രശ്നങ്ങളും രാഷ്ട്രങ്ങളുടെ സുസ്ഥിരതയും ബഹുസ്വരതയും തകർക്കുന്നു. ലോകത്തെമ്പാടും ഉയരുന്ന യുദ്ധഭീഷണി മാനവരാശി കൈവരിച്ച എല്ലാ നേട്ടങ്ങളെയും തകർക്കുന്നു. സ്വേച്ഛാധിപത്യവും, അധിനിവേശവും അസമത്വങ്ങളും തീവ്ര ദേശീയതയും ജനങ്ങളുടെ അവകാശങ്ങൾക്ക് മേൽ കടന്നുകയറുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും വയോധികർക്കും ആദിവാസികൾക്കും അഭയാർത്ഥികൾക്കും എതിരെയുള്ള ചൂഷണങ്ങളും അതിക്രമങ്ങളും നാൾക്കുനാൾ പെരുകി വരുന്നു. ജനാധിപത്യരാജ്യമായ ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ദളിത്, ജാതി വേർതിരിവുകൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിനും ഇഷ്‌ടമുള്ള വസ്ത്രം ധരിക്കുന്നതിനും തെരുവിൽ പ്രതിഷേധിക്കേണ്ട അവസ്ഥയിലാണ് നമ്മുടെ രാജ്യത്തെ മനുഷ്യാവകാശ സംരക്ഷണത്തിന്റെ സ്ഥിതി. അന്യായ തടങ്കലും ലോക്കപ്പ് മർദ്ദനവും സദാചാര പൊലീസിംഗും പതിവ് വാർത്തകൾ. അവകാശ ലംഘനങ്ങൾക്കെതിരെ സാമൂഹികവും സംഘടിതവുമായ ചെറുത്തുനിൽപ്പുകൾ ഉയർന്ന് വരേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഈ മനുഷ്യാവകാശ ദിനം വിരൽ ചൂണ്ടുന്നത്.


ലേഖകൻ സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗമാണ്

Advertisement
Advertisement