വേഗം നടപ്പാക്കേണ്ട ഒരു പരിഷ്കാരം

Saturday 10 December 2022 12:00 AM IST

സർക്കാർ സർവീസിലേക്ക് പി.എസ്.സി വഴിയുള്ള റിക്രൂട്ട്‌മെന്റ് പരാതികൾക്കിട നൽകാത്തവിധം കൂടുതൽ സുതാര്യവും ശാസ്ത്രീയവുമാക്കാൻ നടപടി എടുത്തുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിക്കുകയുണ്ടായി. ഇതോടൊപ്പം മറ്റു ചില നടപടികളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. അവയിൽ സവിശേഷമായ ഒരു കാര്യം ഒഴിവുകൾ പി.എസ്.സിക്ക് നേരിട്ടറിയാൻ കഴിയുന്ന പുതിയൊരു സംവിധാനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുവെന്നതാണ്. നിലവിൽ വകുപ്പദ്ധ്യക്ഷന്മാർ ഒഴിവുകൾ അറിയിക്കുന്നതനുസരിച്ചാണ് പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് നൽകുന്നത്. ഇത് ഒട്ടേറെ പരാതികൾക്കിട നൽകുന്ന സംവിധാനമായി മാറിയ പശ്ചാത്തലത്തിലാണ് പുതിയ രീതിയെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്. ഒഴിവുകളുണ്ടായാലും യഥാസമയം അത് പി.എസ്.സിയെ അറിയിക്കുന്നതിൽ വളരെയധികം കാലതാമസം വരാറുണ്ട്. മനഃപൂർവം താമസിപ്പിച്ച് പിൻവാതിൽ നിയമനങ്ങൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യവുമുണ്ട് ഇതിനു പിന്നിൽ.

ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്ത വകുപ്പദ്ധ്യക്ഷന്മാർക്കെതിരെ കർശന നടപടി എടുക്കണമെന്നും മറ്റും സർക്കാർ മുന്നറിയിപ്പു നൽകാറുണ്ട്. കാര്യമായ ഫലമൊന്നും കാണാറില്ലെന്നു മാത്രം. പരീക്ഷകൾ എഴുതിയെഴുതി വല്ലവിധേനയും റാങ്ക് ലിസ്റ്റിൽ കടന്നുകൂടിയാലും ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്താലേ നിയമന നടപടികൾ നടക്കുകയുള്ളൂ. ഈ വിഷയത്തിൽ വകുപ്പദ്ധ്യക്ഷന്മാർ കാണിക്കുന്ന കള്ളക്കളിയും അതിന്റെ മറവിൽ നടന്നുവരുന്ന പിൻവാതിൽ നിയമനങ്ങളും നിരന്തരം പരാതികൾക്കും ആക്ഷേപങ്ങൾക്കും കാരണമാകാറുണ്ട്. റാങ്ക് ലിസ്റ്റുകൾ നിശ്ചിത കാലാവധി എത്തുമ്പോൾ റദ്ദാക്കപ്പെടുകയാണ് പതിവ്. അതിനു മുമ്പ് സർവീസിൽ കടന്നുകൂടുക എന്നത് ഓരോ ഉദ്യോഗാർത്ഥിയുടെയും തീവ്ര അഭിലാഷം തന്നെയാണ്.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിലവിലെ സമ്പ്രദായത്തിൽ ന്യൂനതകളുണ്ടെന്ന് മുഖ്യമന്ത്രിയും സമ്മതിച്ചു. അതു കണക്കിലെടുത്താണ് വകുപ്പദ്ധ്യക്ഷന്മാർ റിപ്പോർട്ട് ചെയ്യാതെതന്നെ ഒഴിവുകൾ പി.എസ്.സിക്ക് സ്വയം അറിയാനും അതിൻപ്രകാരം നിയമന നടപടി എടുക്കാനും ഉതകുന്ന പുതിയ സമ്പ്രദായം ഏർപ്പെടുത്താനുള്ള ആലോചന. സർവീസിൽ ഒരു ഉദ്യോഗാർത്ഥി കയറുമ്പോൾത്തന്നെ അയാൾ എന്നാണ് വിരമിക്കുന്നതെന്നും മുൻകൂർ അറിയാം. പ്രത്യേക സോഫ്‌റ്റ്‌വെയർ സ്ഥാപിച്ച് ഇതു സൂക്ഷിച്ചാൽ റിട്ടയർമെന്റുകൾക്ക് ആനുപാതികമായി പുതിയ നിയമനങ്ങൾ നടത്താനാകും. വകുപ്പദ്ധ്യക്ഷന്മാരുടെ റിപ്പോർട്ട് കാത്തിരിക്കേണ്ടതില്ലെന്നു ചുരുക്കം. റാങ്ക് ലിസ്റ്റുകൾ എപ്പോഴും റെഡിയായിരിക്കുന്നതിനാൽ സമയനഷ്ടം കൂടാതെതന്നെ നിയമനങ്ങൾ കൃത്യമായി നടന്നുകൊള്ളും. ഒറ്റനോട്ടത്തിൽത്തന്നെ കൊള്ളാമെന്നു തോന്നുന്ന ഈ സമ്പ്രദായം അതിന്റെ ഗുണദോഷങ്ങൾ ആധികാരികമായി വിലയിരുത്തിയശേഷം എത്രയും വേഗം പ്രാവർത്തികമാക്കുന്നത് നന്നായിരിക്കും. ഒറ്റ നിയമനം പോലും നടക്കാതെ റദ്ദാക്കപ്പെടുന്ന റാങ്ക് ലിസ്റ്റുകൾ നിരവധിയാണ്. ധാരാളം ഒഴിവുകളുണ്ടായാലും പി.എസ്.സിയെ അറിയിക്കാതെ പിൻവാതിൽ നിയമനങ്ങളിലൂടെ നികത്തുന്ന അന്യായത്തിനും പുതിയ സമ്പ്രദായം അന്ത്യം കുറിക്കും. ഇ - ഗവേണൻസിന്റെ ഇക്കാലത്ത് പരീക്ഷകളും റാങ്ക് ലിസ്റ്റ് തയ്യാറാക്കലും മുറപ്രകാരമുള്ള നിയമനങ്ങളുമൊക്കെ വളരെ എളുപ്പമാണ്. ഇതിനായി തയ്യാറാക്കുന്ന സോഫ്‌റ്റ്‌വെയർ അങ്ങേയറ്റം കാര്യക്ഷമമായിരിക്കണമെന്നു മാത്രം.

മത്സരപരീക്ഷ ജയിച്ച് റാങ്ക് പട്ടികയിൽ ഇടംപിടിച്ചാലും ഒഴിവുകൾ നികത്തുന്നതിൽ കാണിക്കുന്ന വൈമുഖ്യവും ഗൂഢതാത്‌പര്യങ്ങളും എക്കാലത്തും ഉദ്യോഗാർത്ഥികളെ വലയ്ക്കാറുണ്ട്. ഇത്തരം ദുഷ്‌‌പ്രവണതകൾക്കു കൂടി തടയിട്ടാലേ ഉദ്യോഗാർത്ഥികൾക്ക് നീതികിട്ടിയെന്നു പറയാനാവൂ.

Advertisement
Advertisement