ദേശീയ അദ്ധ്യക്ഷനും ഗ്രൂപ്പ്: ഹിമാചൽ തോൽവി പഠിക്കാൻ ബി.ജെ.പി

Saturday 10 December 2022 1:25 AM IST

ന്യൂഡൽഹി: ദേശീയ അദ്ധ്യക്ഷന്റെയും കേന്ദ്രമന്ത്രിയുടെയും മുൻ മുഖ്യമന്ത്രിയുടെയും ഗ്രൂപ്പുകൾ, 21 വിമതർ, ഹിമാചലിൽ ബി.ജെ.പിക്ക് അടിപതറാനുള്ള കാരണങ്ങൾ ഗൗരവമായി എടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം. 0.9 ശതമാനം വോട്ട് വ്യത്യാസത്തിലുള്ള തോൽവിയ്‌ക്കൊപ്പം ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്‌ക്കും സംസ്ഥാനത്ത് ഗ്രൂപ്പുണ്ടെന്ന തിരിച്ചറിവും പാർട്ടിയെ കൂടുതൽ വെട്ടിലാക്കുകയാണ്.

കൂടാതെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, മുഖ്യമന്ത്രിയായിരുന്ന ജയറാം ഠാക്കൂർ എന്നിവർക്കുമുണ്ട് ഗ്രൂപ്പുകൾ. ഇതേത്തുടർന്നാണ് 21 പേർ വിമതരായി മത്സരിച്ചത്. അതേസമയം പരാജയത്തിന് ആദ്യം മറുപടി പറയേണ്ടിവരുന്നത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറായിരിക്കും. അദ്ദേഹത്തിന്റെയും പിതാവ് പ്രേമകുമാർ ധൂമലിന്റെയും ജില്ലയിലെ പരാജയവും നേതൃത്വത്തെ അമ്പരിപ്പിച്ചിട്ടുണ്ട്. അനുരാഗ് ഠാക്കൂറിന്റെ ലോക്സഭയിലെ അഞ്ച് നിയമസഭാ മണ്ഡലത്തിലും പാർട്ടി തോറ്റു. ബോറഞ്ച് മണ്ഡലത്തിൽ 60 വോട്ടിനും പിതാവ് ധൂമൽ മത്സരിച്ചിരുന്ന സുജൻപൂരിൽ 399 വോട്ടിനുമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചത്. വിമതർ മത്സരിച്ച അഞ്ച് മണ്ഡലങ്ങളിൽ 1000ൽ താഴെ വോട്ടിനാണ് ബി.ജെ.പി പരാജയപ്പെട്ടത്.

പരാജയത്തിന് പിന്നാലെ അനുരാഗ് ഠാക്കൂറിനെതിരെ പാർട്ടിപ്രവർത്തകർ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ രൂക്ഷ വിമർശനം ചൊരിയുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മത്സരിക്കാത്ത തന്റെ പിതാവ് പാർട്ടിക്കായി നടത്തിയ കഠിനാദ്ധ്വാനത്തെക്കുറിച്ച് അനുരാഗ് ഠാക്കൂർ പ്രതികരിച്ചിരുന്നു. അതേസമയം ജെ.പി. നദ്ദയുടെ ജന്മനാടായ ബിലാസ്‌പൂരിലെ മൂന്ന് മണ്ഡലങ്ങളിലും ബി.ജെ.പി നേരിയ വോട്ടുകൾക്ക് വിജയിച്ചിട്ടുണ്ട്.

വ്യത്യാസമുള്ള വോട്ട് 0.9 %

 കോൺഗ്രസ് നേടിയ സീറ്റ്- 40

 ബി.ജെ.പി നേടിയ സീറ്റ്- 25

 വ്യത്യാസമുള്ള വോട്ട്- 0.9 %

 കോൺഗ്രസിന് കൂടുതൽ കിട്ടിയ വോട്ട്- 37, 974

 കോൺഗ്രസിന് ആകെ കിട്ടിയ വോട്ട്- 18,52,504

 കിട്ടിയ വോട്ട് ശതമാനം- 43.9 %

 ബി.ജെ.പിക്ക് ആകെ കിട്ടിയ വോട്ട്- 18,14,530

  കിട്ടിയ വോട്ട് ശതമാനം- 43%

 2017ൽ ബി.ജെ.പിക്ക് കിട്ടിയ വോട്ട്- 48.79 %

 കോൺഗ്രസിന് കിട്ടിയ വോട്ട്- 41.68 %

 വ്യത്യാസം- 7.11%