ഗുജറാത്തിൽ ജയിച്ച വനിതകൾ 15  14 പേരും ബി.ജെ.പി സ്ഥാനാർത്ഥികൾ

Saturday 10 December 2022 1:32 AM IST

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 139 വനിതാ സ്ഥാനാർത്ഥികളിൽ വിജയിച്ചത് 15 പേർ. ഇതിൽ 14 പേരും ബി.ജെ.പി സ്ഥാനാർത്ഥികളാണ്. ഒരാൾ കോൺഗ്രസ് ടിക്കറ്റിലും ജയിച്ചു. ബി.ജെ.പിയുടെ അഞ്ച് എം.എൽ.എമാരും കോൺഗ്രസിന്റെ ഒരാളും സിറ്റിംഗ് സീറ്റുകളിലാണ് ജയിച്ചത്. 2017ൽ 13ഉം 2012ൽ 16 വനിതകളുമാണ് ഗുജറാത്ത് നിയമസഭയിലെത്തിയത്.

ഇത്തവണ ബി.ജെ.പി 18 സ്ത്രീകൾക്കാണ് സീറ്റ് നൽകിയത്. 14 വനിതകൾ കോൺഗ്രസ് ടിക്കറ്റിലും മത്സരിച്ചു. വിജയിച്ച വനിതാ സ്ഥാനാർത്ഥികളിൽ നാല് പേർ പട്ടികജാതിക്കാരും രണ്ട് പേർ പട്ടികവർഗക്കാരുമാണ്. ആം ആദ്മി പാർട്ടി അഞ്ച് വനിതകളെയും ബഹുജൻ സമാജ് പാർട്ടി 12 പേരെയും സ്ഥാനാർത്ഥികളാക്കിയെങ്കിലും വിജയിച്ചില്ല.

വനിതാ പോരാളികൾ 139

 നിയമസഭയിലേക്ക് മത്സരിച്ച വനിതകൾ- 139

 ആകെ ജയിച്ചവർ- 15

 ബി.ജെ.പി സ്ഥാനാർത്ഥികൾ- 18

 വിജയിച്ചവർ- 14

 കോൺഗ്രസ് സ്ഥാനാർത്ഥികൾ- 14

 വിജയിച്ചവർ- 1

 പട്ടികജാതിക്കാർ- 4

 പട്ടികവർഗക്കാർ- 2

 ആപ്പിന്റെ സ്ഥാനാർത്ഥികൾ- 5

 ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്ഥികൾ- 12