100 അടി ഉയരമുള്ള കൊടിമരത്തിൽ ദേശീയ പതാക
Saturday 10 December 2022 12:07 AM IST
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ 100 അടി ഉയരമുള്ള കൊടിമരത്തിൽ സ്മാരക ദേശീയ പതാക സ്ഥാപിച്ചു. പൗരന്മാരിൽ ദേശസ്നേഹം വളർത്തുന്നതിനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സ്മാരക പതാക ഉയർത്തിയത്.
ഇത്തരത്തിൽ ദേശീയ പതാക സ്ഥാപിക്കുന്ന പാലക്കാട് റെയിൽവേ ഡിവിഷനിലെ അഞ്ചാമത് സ്റ്റേഷനാണ് കണ്ണൂർ. കോഴിക്കോട്, പാലക്കാട് ജംഗ്ഷൻ, മംഗളൂരു സെൻട്രൽ, കാസർകോട് എന്നിവിടങ്ങളിലാണ് നേരത്തെ സ്ഥാപിച്ചത്. 100 ശതമാനം നെയ്‌തെടുത്ത പോളിസ്റ്റർ ഉപയോഗിച്ചാണ് പതാക നിർമ്മിച്ചിരിക്കുന്നത്. അൾട്രാവയലറ്റ് സംരക്ഷിത നിറങ്ങൾ ഉപയോഗിച്ച് രാജ്യത്തിന്റെ ഫ്ലാഗ് കോഡനുസരിച്ചാണ് പ്രിന്റ് ചെയ്തത്. ദേശിയ ദുഃഖാചരണ വേളയിൽ പതാക താഴ്ത്തുകയോ പകുതി താഴ്ത്തിക്കെട്ടുകയോ ചെയ്യേണ്ടതില്ല. 14.57 ലക്ഷം രൂപയാണ് ചെലവ്.