വടക്കുന്നാഥനിൽ സിംന മാത്യുവിൻ്റെ തിരുവാതിരക്കളി

Saturday 10 December 2022 12:32 AM IST
സിംന മാത്യു

തൃശൂർ: മാർഗം കളിയിൽ ചുവടുവച്ച സിംന മാത്യു തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ തിരുവാതിരപ്പാട്ടിനൊത്ത് ചുവടുവയ്ക്കുമ്പോൾ പിറക്കുക ചരിത്രം. ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് പടിഞ്ഞാറെ നടയിൽ തയ്യാറാക്കുന്ന ആതിര മണ്ഡപത്തിൽ വർഷങ്ങളായി ആതിരോത്സവം നടത്താറുണ്ടെങ്കിലും അഹിന്ദുക്കൾ കളിച്ചിരുന്നില്ല. 2021ൽ ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ഷഫീഖുദ്ദീൻ - ഷബാന ദമ്പതികൾ കുച്ചുപ്പുടി അവതരിപ്പിച്ചിരുന്നെങ്കിലും തിരുവാതിരക്കളിക്ക് ഇതുവരെ ആരും അപേക്ഷിച്ചിരുന്നില്ല. അഞ്ചാം ക്‌ളാസ് മുതൽ നൃത്തം അഭ്യസിച്ച പൂങ്കുന്നം മഠത്തിപ്പറമ്പിൽ വീട്ടിൽ സിംന, സ്‌കൂൾ കലോത്സവത്തിലും മസ്‌ക്കറ്റിൽ മലയാളി സമാജം പരിപാടികളിലും തിരുവാതിരയും ഭരതനാട്യവും അവതരിപ്പിച്ചിട്ടുണ്ട്. വിവാഹശേഷമാണ് ഭർത്താവ് മാത്യുവിനൊപ്പം മസ്‌ക്കറ്റിലെത്തിയത്. നാല് മാസം മുമ്പ് മകന്റെ പഠനവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയതിനെ തുടർന്നാണ് വടക്കുന്നാഥനിലെ ആതിരോത്സവത്തിൽ പങ്കെടുക്കാൻ തയ്യാറെടുത്തത്. ക്ഷേത്രം ഭാരവാഹികളിൽ നിന്ന് അനുമതി ലഭിച്ചതോടെ സുഹൃത്തും നൃത്താദ്ധ്യാപികയുമായ തൃശൂർ തിരുവമ്പാടി കൂളത്ത് വീട്ടിൽ ദീപ്തിയുമായി ചേർന്ന് എട്ടംഗസംഘം പരിശീലനം തുടങ്ങി. ഇനി സംഘാംഗങ്ങളുടെ വിവരം ഉൾപ്പെടുത്തി അപേക്ഷ നൽകുമ്പോൾ അവതരണത്തീയതി ലഭിക്കും. ഭർത്താവ് മാത്യു മസ്‌ക്കറ്റിലെ മെർജ് റേഡിയോയിൽ ഫിനാൻഷ്യൽ മാനേജരാണ്. മക്കൾ, രാഹുൽ മാത്യുവും അന്ന റോസ് മാത്യുവും വിദ്യാർത്ഥികളാണ്.

തിരുവാതിരയ്ക്ക് 'പൂര'ത്തിരക്ക്

27 മുതൽ ജനുവരി ആറ് വരെ വൈകിട്ട് നാല് മുതൽ പത്ത് വരെ നടക്കുന്ന ആതിരോത്സവത്തിൽ പങ്കെടുക്കുന്നവരുടെ ആധിക്യം മൂലം രജിസ്‌ട്രേഷൻ നിറുത്താനുള്ള ആലോചനയിലാണ് സംഘാടകർ. സാധാരണ 130 -170 ടീമുകൾ പങ്കെടുക്കാറുള്ളത് ഇത്തവണ ഇതുവരെ 200 കടന്നു. തിരക്ക് മൂലം ഒമ്പതു ദിവസത്തെ പരിപാടി 11 ദിവസമാക്കി. ഇതോടനുബന്ധിച്ചുള്ള സംഗീത പരിപാടി റദ്ദാക്കുകയും ചെയ്തു.

നൃത്തം പാഷനാണ്. എല്ലാ ദൈവവും ഒന്നാണെന്ന് വിശ്വസിക്കുന്നു. വടക്കുന്നാഥനിൽ തിരുവാതിരക്കളി അവതരിപ്പിക്കുന്നതിൽ വലിയ സന്തോഷമുണ്ട്.

സിംന മാത്യു