മഞ്ഞ് വകഞ്ഞെത്തി പകർച്ചവ്യാധികൾ

Saturday 10 December 2022 1:33 AM IST
പകർച്ചവ്യാധികൾ

# വൈറൽപനി വ്യാപകം

ആലപ്പുഴ: മഞ്ഞുകാലം ആരംഭിച്ചതോടെ പകർച്ച വ്യാധികളുമായി ചികിത്സ തേടുന്നവരുടെ എണ്ണം ഇരട്ടിയായി. മെഡിക്കൽകോളേജ് ആശുപത്രി ഉൾപ്പെടെ ജില്ലയിലെ വിവിധ ആശുപത്രികളിൽ അരലക്ഷത്തിലധികം പേർ വൈറൽപനിക്ക് ചികിത്സ തേടി. ഒരാഴ്ചയ്ക്കിടെ 4814 പേർക്കാണ് ജില്ലയിൽ വൈറൽപനി പിടിപെട്ടത്.

മഴക്കെടുതി കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങളിലാണ് രോഗബാധയും കൂടുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിദിനം ഒ.പിയിൽ ശരാശരി 2,000ഉം അത്യാഹിത വിഭാഗത്തിൽ 550 പേരുമാണ് ചികിത്സയ്ക്കായി വരുന്നത്. താലൂക്ക്, ജില്ല ആശുപത്രികൾ, പി.എച്ച്.സികൾ, സി.എച്ച്.സികൾ എന്നിവിടങ്ങളിൽ ദിനംപ്രതി മരുന്നിനെത്തുന്നവർ 100- 200 പേരാണ്. സ്വകാര്യ ആശുപത്രികളിൽ എത്തുന്നവർ വേറെ. എന്നാൽ ആശുപത്രികളിൽ പനിയുമായി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. കൊതുക് പെരുകിയാൽ മലേറിയ, ചിക്കുൻഗുനിയ, ഡെങ്കിപ്പനി, എലിപ്പനി പോലെയുള്ള രോഗങ്ങൾ വ്യാപിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്.

# മഞ്ഞുകാല രോഗങ്ങൾ

നവംബർ മുതൽ ഫെബ്രുവരി പകുതി വരെ മഞ്ഞുകാലം നീണ്ടു നിൽക്കും. രാത്രിയിലും രാവിലെയും മഞ്ഞും തണുപ്പും പകൽ സമയത്ത് ശക്തമായ വെയിലും കാലാവസ്ഥയുടെ പ്രത്യകതയാണ്. കാലാവസ്ഥയിൽ പെട്ടന്നുള്ള മാറ്റം വിവിധ അസുഖങ്ങൾക്ക് വഴിയൊരുക്കും. ജലദോഷം, ഫ്ളൂ, തൊണ്ട പഴുപ്പ് എന്നിവയാണ് കുട്ടികളെ കൂടുതലായി ബാധിക്കുന്നത്. തൊലിപ്പുറമേയുള്ള അസുഖങ്ങൾ, ആസ്ത്മ, അലർജി, വിട്ടുമാറാത്ത ചുമ എന്നീ രോഗങ്ങൾ മുതിർന്നവരെയും കുട്ടികളെയും ഒരേപോലെ അലട്ടും.

# ശ്രദ്ധിക്കണം

* പനിമൂലമുള്ള ചുമയും കഫക്കെട്ടും

* സ്വയം ചികിത്സയ്ക്ക് ശ്രമിക്കരുത്

* വെള്ളക്കെട്ട് ഒഴിവാക്കുക * തണുപ്പുകാലത്ത് താരൻ, പാദം വിണ്ടുകീറൽ * തണുപ്പിൽ കട്ടിയുള്ള കോട്ടൺ ഡ്രസുകൾ, കമ്പിളികൾ ഉപയോഗിക്കുക * തണുത്ത ഭക്ഷണവും വെള്ളവും ഉപയോഗിക്കരുത് * ജലദോഷം, വൈറൽ പനി ബാധിച്ച കുട്ടികൾക്ക് വിശ്രമം നൽകുക

" ആശങ്കപെടും വിധം പനി ബാധിതർ ചികിത്സക്കായി എത്തിയിട്ടില്ല. സാംക്രമിക രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പനി വൈറൽ രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദ്ദേശാനുസരണം ചികിത്സ തേടണം.

ഡി.എം.ഒ, ആലപ്പുഴ

ചികിത്സതേടിയെത്തിയവർ

പ്രതിദിനം

മെഡിക്കൽ കോളേജ് ആശുപത്രി: 2,550

സർക്കാർ ആശുപത്രികൾ: 100മുതൽ 200വരെ

കഴിഞ്ഞമാസം: 50,000