സംരംഭകത്വ സഹായ പദ്ധതി: വിതരണം ചെയ്തത് 5.23 കോടി

Saturday 10 December 2022 12:39 AM IST

തൃശൂർ : വ്യവസായ സംരംഭങ്ങൾക്ക് സബ്‌സിഡി നൽകുന്ന സംസ്ഥാന സർക്കാരിന്റെ സംരംഭകത്വ സഹായ പദ്ധതിയിലൂടെ 2022-23 സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്തത് 5.23 കോടി രൂപ. 89 സംരംഭങ്ങൾക്കാണ് സബ്‌സിഡി നൽകിയത്. വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അത് നടത്തിക്കൊണ്ടിരിക്കുന്നവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളിലെ നിർമ്മാണ യൂണിറ്റുകൾക്കാണ് ഫണ്ട് നൽകുന്നത്. ഭൂമി, കെട്ടിടം, മെഷിനറികൾ, ഉപകരണങ്ങൾ, ഇലക്ട്രിഫിക്കേഷൻ, ജനറേറ്റർ, ഫർണിച്ചറുകൾ, മലിനീകരണ നിയന്ത്രണ സാമഗ്രികൾ തുടങ്ങിയ ഇനങ്ങളിൽ വന്നിട്ടുള്ള സ്ഥിര നിക്ഷേപത്തെ അടിസ്ഥാനമാക്കിയാണ് ആനുകൂല്യം നൽകുന്നത്. ചെറുകിട സംരംഭങ്ങൾക്കായുള്ള മാർജിൻ മണി ഗ്രാന്റ് പദ്ധതിയിലൂടെ 29 സംരംഭകർക്കായി 73.22 ലക്ഷം രൂപ മാർജിൻ മണിയായി ഗ്രാന്റായി വിതരണം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജെനറേഷൻ പ്രോഗ്രാം പദ്ധതിയിലൂടെ 431 അപേക്ഷകൾ ബാങ്കിലേക്ക് അയക്കുകയും, 241 അപേക്ഷകളിൽ 470.38 ലക്ഷം രൂപ വായ്പയായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ 194 ഗുണഭോക്താക്കൾക്ക് 377.45 ലക്ഷം രൂപ മാർജിൻ മണിയായി അനുവദിച്ചിട്ടുണ്ട്.