ചന്ദ്രനിലേക്ക് പറക്കാൻ ഇന്ത്യൻ നടൻ, ' ഡിയർ മൂൺ " സ്പേസ് ടൂറിസം മിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ദേവ് ജോഷിയും

Saturday 10 December 2022 5:02 AM IST

വാഷിംഗ്ടൺ : 2023ൽ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പേടകത്തിൽ ചന്ദ്രനെ ചുറ്റാൻ പദ്ധതിയിടുന്ന ' ഡിയർ മൂൺ " സ്പേസ് ടൂറിസം മിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഇന്ത്യൻ ടെലിവിഷൻ നടൻ ദേവ് ജോഷിയും. ജാപ്പനീസ് കോടീശ്വരൻ യുസാകു മേസവയുടെ നേതൃത്വത്തിൽ ആകെ ഒമ്പത് പേർ ബഹിരാകാശത്തേക്ക് പോകുന്ന സ്വകാര്യ പദ്ധതിയാണിത്.

ഇന്നലെയാണ് ദേവ് അടക്കം സംഘത്തിലെ എട്ട് പേരുടെ പേര് യുസാകു വെളിപ്പെടുത്തിയത്. ഓൺലൈൻ അപേക്ഷയിൻമേൽ നടന്ന തിരഞ്ഞെടുപ്പിലാണ് യുസാകു വിവിധ മേഖലയിൽ നിന്നുള്ള കലാകാരൻമാരായ തന്റെ സഹയാത്രികരെ തിരഞ്ഞെടുത്തത്. യു.എസ് സ്വദേശിയായ ഡി.ജെ ഏഓകി, അമേരിക്കൻ യൂട്യൂബർ ടിം ഡോഡ്, ചെക് കോറിയോഗ്രാഫർ യെമി എഡി, ഐറിഷ് ഫോട്ടോഗ്രാഫർ റിയാന്നൻ ആഡം, ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ കരീം ഇലിയ, അമേരിക്കൻ ചലച്ചിത്രകാരൻ ബ്രണ്ടൻ ഹാൾ, ദക്ഷിണ കൊറിയൻ ഗായകൻ ടി.ഒ.പി എന്നിവരാണ് ദേവ് ജോഷിയെ കൂടാതെ സംഘത്തിലെ മറ്റ് അംഗങ്ങൾ.

അമേരിക്കൻ സ്നോബോർഡർ കെയ്‌റ്റ്‌ലിൻ ഫാരിംഗൺ, ജാപ്പനീസ് ഡാൻസർ മിയു എന്നിവരെ ബാക്‌അപ് ക്രൂ അംഗങ്ങളായി തിരഞ്ഞെടുത്തു. അതേ സമയം, സ്റ്റാർഷിപ്പ് പേടകത്തിന്റെ പരീക്ഷണങ്ങൾ ഇനിയും നടക്കാനുണ്ട്.