യു.എ.ഇ പാസ്‌പോർട്ട് ഒന്നാമത്

Saturday 10 December 2022 5:02 AM IST

ടൊറന്റോ: ലോകത്തെ ഏ​റ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി യു.എ.ഇ. കാനഡയിലെ ആർട്ടൺ കാപി​റ്റൽ പുറത്തിറക്കിയ ഗ്ലോബൽ പാസ്‌പോർട്ട് ഇൻഡെക്സ് പ്രകാരമാണ് യു.എ.ഇ ഒന്നാം സ്ഥാനത്തെത്തിയത്. യു.എ.ഇ പാസ്‌പോർട്ട് ഉടമകൾക്ക് 121 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാമെന്നും 59 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 89 രാജ്യങ്ങളിൽ മാത്രം വിസയ്ക്ക് അപേക്ഷിച്ചാൽ മതി.

യു.എ.ഇ പാസ്പോർട്ട് ഉടമകൾക്ക് 19 രാജ്യങ്ങളിലെ പ്രവേശിക്കുന്നതിന് മാത്രം വിസാ അപേക്ഷ സമർപ്പിച്ചാൽ മതി. ജർമ്മനി, സ്വീഡൻ, ഫിൻലൻഡ്, ലക്സംബർഗ്, സ്‌പെയിൻ, ഫ്രാൻസ്, ഇ​റ്റലി, നെതർലൻഡ്സ്, ഓസ്ട്രിയ, സ്വി​റ്റ്സർലൻഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ രണ്ടാം സ്ഥാനവും യു.എസ്, ഡെൻമാർക്ക്, ബെൽജിയം, പോർച്ചുഗൽ, നോർവെ. പോളണ്ട്, അയർലൻഡ്, ന്യൂസിലൻഡ് എന്നിവ മൂന്നാം സ്ഥാനവും നേടി.

69ാം സ്ഥാനത്താണ് ഇന്ത്യൻ പാസ്പോർട്ട്. 24 രാജ്യങ്ങളിൽ ഇന്ത്യൻ പാസ്‌പോർട്ടിന് വിസയില്ലാതെ പ്രവേശിക്കാം. 126 രാജ്യങ്ങളിൽ വിസയ്ക്കായി അപേക്ഷ സമർപ്പിക്കണം. ഗാംബിയ, ഘാന, ഉസ്‌ബെകിസ്ഥാൻ, ടാൻസാനിയ എന്നീ രാജ്യങ്ങളും ഇന്ത്യക്കൊപ്പം 69ാം സ്ഥാനത്തുണ്ട്. യു.കെ - 4, ജപ്പാൻ - 24, റഷ്യ - 38, ചൈന - 59, പാകിസ്ഥാൻ - 94 റാങ്കുകളും നേടി. 97ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നിൽ.

Advertisement
Advertisement