അർദ്ധരാത്രിയിൽ റോഡിലൂടെ നടന്നതിന് ദമ്പതികൾക്ക് പിഴയിട്ടത് വ്യാജ പൊലീസല്ല, സംഭവം വിവാദമായതിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Sunday 11 December 2022 10:15 PM IST

ബംഗളൂരു : അർദ്ധരാത്രിയിൽ ബംഗളൂരുവിലെ റോഡിലൂടെ നടന്നതിന് ദമ്പതികളിൽ നിന്നും പൊലീസ് പെറ്റിയായി പണം വാങ്ങിയ സംഭവത്തിൽ വഴിത്തിരിവ്. വിവാദമായതിന് പിന്നാലെ ദമ്പതികളെ ഭീഷണിപ്പെടുത്തുകയും പിഴ ഈടാക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായാണ് വിവരം. അസാധാരണമായ കാരണം ചുമത്തി പിഴയായി പണം കൈപ്പറ്റിയ പൊലീസ് ഉദ്യോഗസ്ഥൻ വ്യാജ യൂണിഫോമിൽ വന്ന തട്ടിപ്പുകാരനാണോ എന്ന സംശയം ഉയർന്നിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് കാർത്തിക് പത്രിയെയും ഭാര്യയെയും തടഞ്ഞുനിർത്തി രാത്രി റോഡിലൂടെ നടന്നതിന് ആയിരം രൂപ പിഴയിട്ടത്.


മാന്യത ടെക് പാർക്കിന് സമീപമുള്ള സൊസൈറ്റിയിലെ താമസക്കാരായ ദമ്പതികളോട് പിഴയായി 3000 രൂപയാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. ദമ്പതികളുടെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പിങ്ക് നിറത്തിലുള്ള ഹൊയ്സാല പട്രോൾ വാനിലാണ് ഉദ്യോഗസ്ഥർ എത്തിയത്. ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് രാത്രി 11 മണിക്ക് ശേഷം റോഡിലൂടെ നടക്കാൻ പാടില്ലെന്നും പിഴയടച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അവർ ദമ്പതികളോട് പറഞ്ഞു.

പൊലീസ് യൂണിഫോമിൽ എത്തിയ രണ്ട് പേർ പെറ്റിയടിച്ച സംഭവത്തെ കുറിച്ച് കാർത്തിക് ട്വിറ്ററിലൂടെയാണ് വിവരങ്ങൾ പങ്കുവച്ചത്. സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ അന്വേഷണം ആരംഭിച്ചു. തുടർന്നാണ് നടപടിയുണ്ടായത്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ അത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് പരിസരവാസികളോട് ഡിസിപി ആവശ്യപ്പെട്ടിരുന്നു.

Advertisement
Advertisement