ശബരിമലയിൽ ദർശനം ഒരു മണിക്കൂർ കൂടി ദീർഘിപ്പിക്കാൻ തീരുമാനം, നിലയ്‌ക്കലിൽ പാർക്കിംഗിന് കൂടുതൽ സൗകര്യം

Monday 12 December 2022 12:35 PM IST

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പദർശനത്തിനായി തീർത്ഥാടകരുടെ കാത്തുനിൽപ്പ് പന്ത്രണ്ട് മണിക്കൂറിലധികം നീണ്ടതോടെ ദർശന സമയം ഒരു മണിക്കൂർ കൂടി ദീർഘിപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. ശബരിമല തീർത്ഥാടകർക്ക് തൃപ്‌തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന ദർശനം 90,000 ആയി പരിമിതപ്പെടുത്തും. നിലയ്‌ക്കലിൽ പാർക്കിംഗിന് കൂടുതൽ സൗകര്യം ഒരുക്കാനും തീരുമാനമായി. ദേവസ്വം മന്ത്രിയും യോഗത്തിൽ പങ്കെടുത്തു.

തിരക്കുള്ള ദിവസങ്ങളിൽ ദർശനസമയം അരമണിക്കൂർ കൂടി കൂട്ടി രാത്രി 11.30ന് ഹരിവരാസനം പാടി നടയടയ്‌ക്കാൻ ഇന്നലെ തീരുമാനമായിരുന്നു. സാധാരണ 11നായിരുന്നു നടയടയ്ക്കുന്നത്. തന്ത്രിയുമായും മേൽശാന്തിയുമായും ആലോചിച്ചാണ് ദർശന സമയം കൂട്ടിയതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ കഴിഞ്ഞദിവസം പ്രതികരിച്ചു.

തിരക്കേറിയതോടെ ഉച്ചയ്‌ക്കുശേഷം നട തുറക്കുന്നത് അരമണിക്കൂർ നേരത്തേ മൂന്ന് മണിക്കാക്കിയത് തുടരുന്നുണ്ട്.

പുഷ്പാഭിഷേകം, അഷ്ടാഭിഷേകം വഴിപാടുകൾ നടക്കുമ്പോൾ ഭക്തരെ ശ്രീകോവിലിന് മുന്നിലൂടെ ഒറ്റവരിയായി കടത്തിവിടും. നിലവിൽ വഴിപാട് നടത്തുന്ന ഭക്തർക്കു മാത്രമായിരുന്നു പ്രവേശനം. കഴിഞ്ഞ രണ്ടു ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ തിരക്കിന് കുറവുണ്ടായി.

കഴിഞ്ഞ ദിവസങ്ങളിൽ ദർശനം നടത്തിയവർ

വെള്ളി : 97,310

ശനി : 88,480

ഞായർ: 56,156 (വൈകിട്ട് ആറ് വരെ)

ഹൈക്കോടതി പ്രത്യേക സിറ്റിംഗ്

കൊച്ചി: മരക്കൂട്ടത്ത് ശനിയാഴ്ച തിരക്കിൽപ്പെട്ട് തീർത്ഥാടകർക്കും പൊലീസുകാർക്കും പരിക്കേറ്റതുൾപ്പെടെയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് അവധി ദിവസമായ ഇന്നലെ നടത്തിയ പ്രത്യേക സിറ്റിംഗിൽ ശബരിമലയിൽ ദർശന സമയം ദീർഘിപ്പിക്കാനാകുമോയെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി ആരാഞ്ഞിരുന്നു.

സംഭവത്തെക്കുറിച്ച് ശബരിമല സ്‌പെഷ്യൽ കമ്മിഷണർ വിശദറിപ്പോർട്ട് നൽകണം. പത്തനംതിട്ട ജില്ലാകളക്ടർ, പൊലീസ് മേധാവി എന്നിവരുടെ വിശദീകരണവും തേടി. തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടകർക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്താനും നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശി​ച്ചിരുന്നു.

ഹൈക്കോടതിയുടെ മറ്റു നി​ർദ്ദേശങ്ങൾ

• തിരക്കു കുറയ്ക്കാൻ നിലയ്ക്കലിലെ 16 പാർക്കിംഗ് ഗ്രൗണ്ടുകളിലും ക്രമീകരണം ഏർപ്പെടുത്തണം. വഴികാട്ടുന്ന ബോർഡുകൾ സ്ഥാപിക്കണം • പാർക്കിംഗ് നിയന്ത്രണങ്ങൾ പമ്പയി​ലും സന്നിധാനത്തും അനൗൺസ് ചെയ്യണം • ളാഹ-നിലയ്ക്കൽ, കണമല-എലവുങ്കൽ റോഡുകളിൽ ബൈക്കുകളിൽ പൊലീസ് പട്രോളിംഗ് വേണം • ഗതാഗതക്കുരുക്ക് നീണ്ടാൽ, തീർത്ഥാടകർക്ക് ചുക്കുവെള്ളവും ബിസ്‌കറ്റും ദേവസ്വം ബോർഡ് നൽകണം

ഇന്നത്തെ ബുക്കിംഗ് 1,07,260

ശബരിമലയിൽ ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് 1,07,260 തീർത്ഥാടകർ. ഈ സീസണിലെ ഏറ്റവും ഉയർന്ന ബുക്കിംഗാണിത്. ഇത് രണ്ടാംതവണയാണ് ഈ സീസണിൽ ഒരു ലക്ഷത്തിന് മുകളിൽ ബുക്കിംഗ് വരുന്നത്. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

തീർത്ഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് നിയന്ത്രണവിധേയമായി പ്രത്യേക ബ്ളോക്കുകളായി തിരിച്ച് ഘട്ടംഘട്ടമായേ കടത്തിവിടുകയുള്ളൂ. ഇതിനായി ഓരോ പോയിന്റുകളിലും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ശബരിമല സ്‌പെഷ്യൽ ഓഫീസർ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു. ക്യൂവിൽ നിൽക്കുന്ന ഭക്തർക്ക് ലഘുഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കും. പൊലീസിന് പുറമെ ആർ.എ.എഫ്, എൻ.ഡി.ആർ.എഫ് സേനാംഗങ്ങളുടെ സേവനവും തിരക്ക് നിയന്ത്രിക്കാൻ ഉപയോഗിക്കും.