ഗോൾഡൻ ഗ്ളോബ് ഇന്ത്യയിലെത്തിക്കാൻ രാജമൗലി, ആർആർആർ മുതൽ ബ്രാഡ് പിറ്റ് വരെ നീണ്ട് നോമിനേഷൻ ലിസ്റ്റ്

Monday 12 December 2022 9:34 PM IST

ഓസ്കാറിന് മുന്നോടിയായി പ്രൗഡ ഗാംഭീര്യതയോടെ സിനിമാ ലോകത്തെ മികവുറ്റ സംഭാവനകൾക്കായി വിതരണം ചെയ്യപ്പെടുന്ന അംഗീകാരമായാണ് ഗോൾഡൻ ഗ്ളോബ് അവാർഡുകളെ കണക്കാക്കുന്നത്. അന്താരാഷ്ട്ര സിനിമാ- ടെലിസീരിയൽ മേഖലയിലെ ഒരു വർഷക്കാലയളവിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിഭാശാലികളായ കലാകാരന്മാരെയും അവരുടെ നിർമിതികളെയും ആദരിക്കപ്പെടുന്ന ചടങ്ങിൽ ഇത്തവണ ഇന്ത്യക്കാർക്ക് പ്രതീക്ഷയ്ക്കുള്ള വകയൊരുക്കിയിരിക്കുകയാണ് ആർആർആറിലൂടെ ദക്ഷിണേന്ത്യൻ സംവിധായകനായ രാജമൗലി.

രാജമൗലി സംവിധാനം ചെയ്ത പീരിയോഡിക് ചലചിത്രമായ ആർആർആറിന് രണ്ട് ഗോൾഡൻ ഗ്ളോബ് നോമിനേഷനുകളാണ് നിലവിൽ ലഭിച്ചിട്ടുള്ളത്. മികച്ച ഇംഗ്ളീഷ് ഇതര ചലച്ചിത്രത്തിനും മികച്ച ഗാനത്തിനുമുള്ള നോമിനേഷനുകളാണ് ചിത്രം കരസ്ഥമാക്കിയിട്ടുള്ളത്. ഇതിൽ മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് തന്നെ ആർആർആർ നേടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകരുള്ളത്.

'ദി മമ്മി' സിനിമാ സീരിസിലൂടെ ആരാധകരുടെ പ്രിയങ്കരനായ ബ്രെൻഡൻ ഫ്രെസറിന്റ തിരിച്ച് വരവ് രേഖപ്പെടുത്തിയ 'ദി വെയ്ൽ' അടക്കം നിരവധി മികച്ച ചലച്ചിത്രങ്ങൾ ഇത്തവണ ഗോൾഡൻ ഗ്ലോബിനായി മത്സരിക്കുന്നുണ്ട്. പ്രമുഖ സംവിധായകനായ ഡാരെൻ അർണോഫ്‌ക്സിയാണ് വെയ്‌ലിന്റെ സംവിധായകൻ.

ബാബിലോണിലെ പ്രകടനത്തിന് ബ്രാഡ് പിറ്റും മാർഗരറ്റ് റോബിയും ഗ്ളാസ് ഒണിയനിലെ പ്രകടനത്തിന് ഡാനിയൽ ക്രെയ്ഗ്, എൽവിസിലെ പ്രകടനത്തിന് ആസ്റ്റിൻ ബട്ട്ലർ എന്നിവരടക്കമുള്ള താരനിര ഇത്തവണത്തെ ഗോൾഡൻ ഗ്ളോബ് നോമിനേഷമുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ജെയിംസ് കാമറൂൺ ഒരുക്കിയ ബ്രഹ്മാണ്ഡ ചലച്ചിത്രം അവതാർ, ദി വേ ഓഫ് വാട്ടർ മികച്ച ചലച്ചിത്രത്തിനായുള്ള വിഭാഗത്തിൽ മത്സരിക്കുന്നുണ്ട്.