ബോഡി ഷെയ്‌മിംഗും നെല്ലിക്കുന്നിലെ പടയാളിയും
'ബോഡി ഷെയ്‌മിംഗ് ' നിയമസഭയിലും കടന്നുവന്നു. മന്ത്രി വി.എൻ. വാസവനുണ്ടായ നാക്കുപിഴയാണ്. ഇന്ത്യയിലെ കോൺഗ്രസിന്റെ പഴയതും ഇന്നത്തെയും അവസ്ഥകളെ ഉപമിക്കാൻ അമിതാഭ് ബച്ചന്റെയും ഇന്ദ്രൻസിന്റെയും പൊക്കത്തെ അദ്ദേഹം താരതമ്യം ചെയ്തത് സഹകരണ ഭേദഗതിബില്ലിന്റെ ചർച്ചയ്ക്കിടയിലാണ്.
ആ സമയത്ത് അത് പുലിവാലായില്ല. ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ട് നദീതീര സംരക്ഷണ ഭേദഗതി ബില്ലും ഭൂപരിഷ്കരണ ഭേദഗതിബില്ലും പാസാക്കിക്കഴിയുമ്പോഴാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വിഷയമുയർത്തിയത്. മന്ത്രിയുടെ പരാമർശത്തിലൊരു ബോഡി ഷെയ്‌മിംഗുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "പറഞ്ഞയാൾ സാംസ്കാരികമന്ത്രി കൂടിയാകുമ്പോൾ അതിന് ഗൗരവം കൂടും. പരാമർശം പൊളിറ്റിക്കലി ഇൻകറക്ട് ആണ് "- സതീശൻ പറഞ്ഞു.
പ്രതിപക്ഷനേതാവ് പറയും മുമ്പുതന്നെ സ്വന്തം പരാമർശത്തിലെ രാഷ്ട്രീയശരികേട് മന്ത്രി സ്വയം തിരിച്ചറിഞ്ഞിരുന്നു. മന്ത്രി ഈ പരാമർശം പിൻവലിക്കുന്നതായും രേഖയിലുണ്ടാവരുതെന്നും കാണിച്ച് കത്ത് തന്നിരുന്നതായി സ്പീക്കർ എ.എൻ. ഷംസീർ സഭയെ ബോധിപ്പിച്ചു. അത് രേഖയിൽനിന്ന് നീക്കി, സഭയ്ക്ക് തടി കേടായില്ല.
സഹകരണ ഭേദഗതിബിൽ ചർച്ചയിൽ മന്ത്രി സഹകരണമേഖലയിൽ കേന്ദ്രീകരിച്ചാണ് ആദ്യം സംസാരിച്ചത്. എന്നാൽ ചർച്ചയ്ക്കിടെ മന്ത്രിയുടേതല്ലാത്ത കാരണത്താൽ വഴിമാറ്റമുണ്ടായി. കോൺഗ്രസിനെപ്പറ്റി പരിതപിച്ചുകൊണ്ട് വഴി തിരിച്ചുവിട്ടത് പി. നന്ദകുമാറാണ്. സണ്ണി ജോസഫ് തിരിച്ചടിച്ചു. ഹിമാചലിൽ നമ്മൾ ജയിച്ചല്ലോ എന്ന് ട്രെയിനിലും കാന്റീനിലും വച്ച് തന്നോട് പേഴ്സണലി സംസാരിച്ച സി.പി.എം അംഗങ്ങളുണ്ടെന്ന രഹസ്യം അദ്ദേഹം പരസ്യമാക്കി. അങ്ങനെ മന്ത്രിയെ വഴിതെറ്റിച്ചത് സണ്ണിയായി. സ്വാതന്ത്ര്യാനന്തര ഭാരതത്തെ ഏല്പിച്ച് കൊടുത്ത കോൺഗ്രസ് എവിടെയെത്തിയെന്ന് ചോദിച്ചാണ് മന്ത്രി വിവാദ ഉപമാപ്രയോഗത്തിലേക്ക് നീങ്ങിയത്.
നദികളിൽനിന്ന് മണൽ വാരുന്നതിനുള്ള പിഴ 25,000 രൂപയിൽനിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തണമെന്നതിന് അഞ്ച് കോടിയാക്കിയാലും മോശമാവില്ലെന്ന് നദീതീര സംരക്ഷണ ഭേദഗതി ബിൽ ചർച്ചയിൽ അഭിപ്രായപ്പെട്ടത് എൻ.എ. നെല്ലിക്കുന്നാണ്. മണൽവാരലിനെതിരായ പോരാട്ടത്തിൽ നെല്ലിക്കുന്നിനെ സർക്കാരിന്റെ പടയാളിയായി അംഗീകരിക്കുന്നുവെന്ന് റവന്യൂ മന്ത്രി കെ. രാജൻ മറുപടിപ്രസംഗത്തിൽ പ്രഖ്യാപിച്ചു. പിഴ അഞ്ച് ലക്ഷമാക്കിയതിനെതിരെ ആശങ്കയറിയിച്ച കുറുക്കോളി മൊയ്തീൻ ഇപ്പോൾ നെല്ലിക്കുന്നിന്റെ പ്രസംഗം കേൾക്കാനില്ലാതിരുന്നത് ഭാഗ്യമെന്നും മന്ത്രി പറഞ്ഞു. തന്റെ പരിസ്ഥിതിസംരക്ഷണ പ്രതിജ്ഞാബദ്ധത മന്ത്രി പറഞ്ഞിടത്തോളം പോരുമോ എന്ന ശങ്ക നെല്ലിക്കുന്നിൽ തന്നെയുണ്ടായി. അദ്ദേഹം എഴുന്നേറ്റ് മന്ത്രിയോട് വിശദീകരിക്കാൻ തുനിഞ്ഞെങ്കിലും നെല്ലിക്കുന്നിന്റെ ആത്മാർത്ഥതയെ സംശയിക്കുന്നില്ലെന്ന് പറഞ്ഞ് മന്ത്രി അദ്ദേഹത്തെ ഇരുത്തി.
ഓരോ മണ്ഡലത്തിലെയും ഒരു പുഴ വീതം സംരക്ഷിക്കാൻ എം.എൽ.എമാരെ ഏല്പിക്കണമെന്ന് നിർദ്ദേശിച്ചത് നജീബ് കാന്തപുരമാണ്. എം.എൽ.എ പുഴയെന്ന് പേരുമിടാമെന്ന് ഭരണപക്ഷത്ത് നിന്നാരോ പ്രോത്സാഹിപ്പിച്ചു. പിടിപ്പത് പണിയുള്ള എം.എൽ.എമാരെ ഇനിയൊരു പുഴസംരക്ഷണം കൂടി ഏല്പിച്ച് ബുദ്ധിമുട്ടിക്കാനില്ലെന്നായിരുന്നു മന്ത്രി രാജന്റെ പക്ഷം. ഏറിപ്പോയാൽ പുഴസ്നേഹവും ആപത്താകുമെന്ന് തോന്നിയോ? പുഴയെ സംരക്ഷിക്കേണ്ട ഏറ്റവും മികച്ച അധികാരി ജില്ലാ കളക്ടർ തന്നെയാണെന്ന് മന്ത്രി തീർപ്പുകല്പിച്ചു.
നദികളെ സംരക്ഷിക്കുന്നത് പോലെ എം.എൽ.എ സംരക്ഷണവും മന്ത്രിയേറ്റെടുക്കണമെന്ന് നെല്ലിക്കുന്നിന് അഭ്യർത്ഥിക്കാനുണ്ടായിരുന്നു. അത് സ്പീക്കർ ചെയ്യേണ്ടതല്ലേ എന്ന സംശയം അടുത്തിരുന്ന ചിലരുയർത്തി. സ്പീക്കറുടെ ചുമതലയ്ക്കൊപ്പം മന്ത്രിക്കുമുണ്ടല്ലോ എന്നായിരുന്നു നെല്ലിക്കുന്നിന്റെ മട്ടെന്ന് തോന്നി. നെല്ലിക്കുന്നിന്റെ പരിദേവനം ഇതാണ്. മാവേലി എക്‌സ്‌പ്രസ് തീവണ്ടിയിൽ അദ്ദേഹമുൾപ്പെടെ 15 എം.എൽ.എമാർ ത്രീടയർ എ.സി കമ്പാർട്ടുമെന്റിൽ ടിക്കറ്റെടുത്ത് മലബാർ ജില്ലകളിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതാണ്. നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കാൻ. സീറ്റില്ലാത്ത കാരണം പറഞ്ഞ് എല്ലാവരും സ്ലീപ്പർ ക്ലാസിലേക്ക് എടുത്തെറിയപ്പെട്ടു. സ്ലീപ്പർക്ലാസിലും സഞ്ചരിക്കേണ്ടവരാണ് എം.എൽ.എമാരെങ്കിലും ഇങ്ങനെ എടുത്തെറിയപ്പെട്ടപ്പോഴുണ്ടായ തുകനഷ്ടം തിരിച്ചുകിട്ടിയില്ല. കൂപ്പൺ ഉപയോഗിച്ചുള്ള ടിക്കറ്റിന്റെ റീഫണ്ടും കിട്ടുന്നില്ല.
റെയിൽവേയുടെ കൈയേറ്റത്തിൽ നിന്നുള്ള സംരക്ഷണത്തെ സീരിയസായി അഡ്രസ്സ് ചെയ്യാമെന്ന് സ്പീക്കർ സമാധാനിപ്പിച്ചു.
മോട്ടോർത്തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽചർച്ചയിൽ ബില്ലിനകത്തൊതുങ്ങി തൊഴിലാളിവിഷയങ്ങളുയർത്താൻ ടി.ഐ. മധുസൂദനനും എ.പി. അനിൽകുമാറും ശ്രദ്ധിച്ചു.
പൊലീസിന്റെ വീഴ്ചയും രാഷ്ട്രീയവത്കരണവും അടിയന്തരപ്രമേയമായി ശൂന്യവേളയിൽ കൊണ്ടുവന്നത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. പൊലീസിനെപ്പറ്റി, അതും പരിണിതപ്രജ്ഞനായ തിരുവഞ്ചൂർ കൊണ്ടുവന്ന അടിയന്തരപ്രമേയമായിട്ടും അത് ചീറ്റിപ്പോയിയെന്ന് മുഖ്യമന്ത്രി അതിശയിച്ചു.