വെള്ളല്ലൂരിലെ അജ്ഞാത മൃതദേഹം; തിരിച്ചറിയാനാകാതെ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: അഞ്ചുവർഷം നീണ്ട അന്വേഷണത്തിനൊടുവിലും കിളിമാനൂർ വെള്ളല്ലൂർ മാവേലി ക്ഷേത്രത്തിന് സമീപം ഓടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ അജ്ഞാതനെ തിരിച്ചറിയാനാകാത്തത് കൊലപാതകക്കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടിയാകുന്നു. തമിഴ്നാട് ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ച കാണാതായവരുടെ വിവരങ്ങളിലും അന്വേഷണത്തിന് സഹായകമായ യാതൊരുവിധ വിവരങ്ങളും ലഭ്യമാകാതെ വന്നതോടെയാണ് അന്വേഷണം നീളുന്നത്. രണ്ടരവർഷത്തോളം ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ തുമ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് 2020ൽ ക്രൈംബ്രാഞ്ചിന് കൈമാറിയത്. മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ സാധിക്കാത്തതാണ് അന്വേഷണസംഘം നേരിടുന്ന പ്രധാന വെല്ലുവിളി. ആളെ തിരിച്ചറിഞ്ഞാൽ കൊലപാതകത്തിന്റെ കാരണവും സാഹചര്യവും കൊലയാളികളെ കണ്ടെത്താനും കഴിയുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സി.ഐ മുബാറക്കിന്റെ നേതൃത്വത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനുള്ള ശ്രമം തുടരുമ്പോൾ കൊലയാളികൾ കാണാമറയത്ത് സുരക്ഷിതരായി വിലസുകയാണ്.
തമിഴനെന്ന സംശയം ബലപ്പെടുത്തിയത് ബീഡിക്കവറും ബനിയനും
മൃതദേഹത്തിനു സമീപത്തായി കണ്ടെത്തിയ തമിഴ് ബീഡിക്കമ്പനിയുടെ കവറും മൃതദേഹത്തിൽ കാണപ്പെട്ട തിരുപ്പൂർ ബ്രാൻഡ് ബനിയനുമാണ് കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയാണെന്ന സംശയത്തിനിടയാക്കിയത്. മൃതദേഹത്തിൽ കാണപ്പെട്ട അടിവസ്ത്രവും ഷർട്ടും തിരുപ്പൂർ കേന്ദ്രീകരിച്ചുള്ള വസ്ത്ര നിർമ്മാണ സ്ഥാപനത്തിന്റെ ബ്രാൻഡിലുള്ളതാണ്. കേരളത്തിൽ ഇവയുടെ വിപണനമില്ല. ഷർട്ടും അടിവസ്ത്രവും ഒരേ ബ്രാൻഡിൽ തന്നെയുള്ളതായതിനാലും കാണാതായവരുൾപ്പെടെ കേരളത്തിൽ ഇയാളോട് സാമ്യമുള്ള ആരെയുംപറ്റി യാതൊരുവിവരവും പൊലീസിന് ലഭിക്കാത്ത സാഹചര്യവും കണക്കിലെടുത്താണ് കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയാണോയെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.
2017 നവംബർ 15നായിരുന്നു വാഹനത്തിരക്കേറിയ റോഡിന്റെ വശത്ത് ഓടയിൽ ഓലയും പാഴ്പ്പുല്ലുകളും ഉപയോഗിച്ച് മറച്ച നിലയിൽ ഏതാനും ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. അടിവസ്ത്രവും ഷർട്ടും മാത്രം ധരിച്ചിരുന്ന മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം ഉപേക്ഷിച്ചതാണെന്ന് വ്യക്തമായെങ്കിലും വെള്ളല്ലൂരിലും പരിസരത്തും കൊലപാതകം നടന്നതിന്റെ സൂചനകളൊന്നും ലഭിച്ചില്ല. അതിനാൽ മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയശേഷം വാഹനത്തിൽ ഇവിടെ ഉപേക്ഷിച്ചതാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
ക്രൈം നമ്പർ 1758/17 അന്വേഷണം ഇതുവരെ
ദുർഗന്ധത്തെ തുടർന്ന് നടത്തിയ തെരച്ചിലിൽ റോഡരികിലെ ഓടയിൽ കാണപ്പെട്ട മൃതദേഹം പ്രാഥമിക പരിശോധനയിൽ കൊലപ്പെടുത്തിയശേഷം ഉപേക്ഷിച്ചതാണെന്ന് ഉറപ്പിച്ചു. മൃതദേഹത്തിന്റെ പഴക്കവും വൈകൃതവും തിരിച്ചറിയൽ ദുഷ്‌കരമാക്കി. മൃതദേഹത്തിലുണ്ടായിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ലോട്ടറി ടിക്കറ്റ്, ഇലക്ട്രിക് ടെസ്റ്റർ, മൈക്ക് സെറ്റുകാർ ഉപയോഗിക്കുന്ന കാതോഡ്, ബീഡി എന്നിവ കണ്ടെത്തി. ടെസ്റ്ററും കാതോഡും ലഭിച്ചതിനെ തുടർന്ന് മൈക്ക് സെറ്റ് ഓപ്പറേറ്റർമാരുമായി ബന്ധപ്പെട്ട് അവരുടെ സംഘത്തിൽപ്പെട്ട ആളാണോയെന്ന് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രദേശവാസികളുൾപ്പെടെ 5000ത്തോളം പേരെ ചോദ്യം ചെയ്തു. സാമ്യമുള്ള റബ്ബർ വെട്ടുകാരന്റെ തിരോധാനം സംശയത്തിനിടയാക്കിയെങ്കിലും അയാളെ പിന്നീട് കോഴിക്കോട്ട് കണ്ടെത്തി.
ലോട്ടറി ടിക്കറ്റ് പാരിപ്പള്ളിയിൽ വിറ്റതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ഏജന്റിനെ കണ്ടെത്തിയെങ്കിലും ടിക്കറ്റ് നൽകിയത് എവിടെവച്ചാണെന്നോ മറ്റ് സൂചനകളോ ലഭിച്ചില്ല. കല്ലമ്പലം - കിളിമാനൂർ റോഡിൽ 3.5 കിലോമീറ്റർ ചുറ്റളവിലുള്ള സി.സി ടി.വി കാമറകൾ പരതിയെങ്കിലും സംശയിക്കത്തക്ക ദൃശ്യങ്ങൾ ലഭിച്ചില്ല. വിരലടയാളം ഉപയോഗിച്ച് തിരിച്ചറിയാൻ നടത്തിയ ശ്രമം യൂണിക്ക് ഐ.ഡി അധികൃതരുടെ നിസഹകരണത്തെ തുടർന്ന് പാളി. ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തിയിട്ടും സഹായകമായ വിവരങ്ങൾ ലഭിച്ചില്ല.
കൊല്ലപ്പെട്ടയാളെ തിരിച്ചറിയുകയാണ് പ്രാഥമിക ദൗത്യം. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണാതായ ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് പരിശോധിക്കുകയാണ്. യുണീക്ക് ഐ.ഡി അധികൃതരുമായി ബന്ധപ്പെട്ട് വിരലടയാളത്തിന്റെ സഹായത്തോടെ തിരിച്ചറിയാനുള്ള ശ്രമം വീണ്ടും തുടരും.
-എസ്.പി, ക്രൈംബ്രാഞ്ച്,
തിരുവനന്തപുരം