കലാമണ്ഡലം: പ്രതിസന്ധി പരിഹരിക്കാൻ സാവകാശം ആവശ്യപ്പെട്ട് ഭരണസമിതി
തൃശൂർ: ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ജീവനക്കാരോട് 19 വരെ സാവകാശം തേടി കലാമണ്ഡലം അധികൃതർ. കലാമണ്ഡലം യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കൂടുതൽ സമയം അവശ്യപ്പെട്ടത്. അതേസമയം ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ജീവനക്കാർ ഇന്നലെ അവകാശദിനം ആചരിച്ചു. കലാമണ്ഡലം ബാലസുന്ദരൻ, കലാമണ്ഡലം ശിവദാസൻ,. അച്യുതാനന്ദൻ, ജഗദീശൻ തുടങ്ങിയവർ നേതൃത്വം നൽകി. ഭരണസമിതി അംഗങ്ങളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇന്നലെ നടത്താനിരുന്ന പ്രതിഷേധജാഥ മാറ്റി. സംസ്ഥാന സർക്കാർ നൽകുന്ന ഗ്രാന്റ് വൈകുന്നത് മൂലം കലാമണ്ഡലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഒക്ടോബറിലെ ശമ്പളം നവംബർ 15നാണ് നൽകിയിരുന്നത്. നവംബറിലേത് ഡിസംബർ അവസാനവും കിട്ടാനിടയില്ലാത്ത സാഹചര്യമാണെന്ന് ജീവനക്കാർ പറഞ്ഞു. ഒരു സാമ്പത്തിക വർഷം 7.6 കോടിയാണ് ഗ്രാന്റ് ലഭിക്കുക. 1.9 കോടിയുടെ നാല് തുല്യ ഗഡുക്കളായി ലഭിക്കുന്നതിലാണ് കാലതാമസം വന്നത്.
നിരവധി അപേക്ഷകൾ നൽകി കാത്തിരുന്നിട്ടും നടപടിയില്ല. 19ന് ശേഷവും ശമ്പളപ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തും.
കലാമണ്ഡലം കനകകുമാർ, സെക്രട്ടറി, എംപ്ലോയീസ് യൂണിയൻ.