ഗ്വാട്ടിമാലയിൽ ഫ്യൂഗോ അഗ്നിപർവതം പൊട്ടിത്തെറിച്ചു
ഗ്വാട്ടിമാല സിറ്റി : ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപർവതം പൊട്ടിത്തെറിച്ചു. ആളപായമോ കാര്യമായ നാശനഷ്ടമോ ഇല്ല. മദ്ധ്യ അമേരിക്കയിലെ ഏറ്റവും ശക്തമായ സജീവ അഗ്നിപർവതങ്ങളിലൊന്നാണിത്. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയോടെയാണ് പൊട്ടിത്തെറി തുടങ്ങിയത്. ഗ്വാട്ടിമാലയിലെ ടൂറിസ്റ്റ് നഗരമായ ആന്റിഗ്വയിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് ഫ്യൂഗോ.
സ്ഫോടനഫലമായി അഗ്നിപർവതത്തിൽ നിന്ന് ചാരം രണ്ട് കിലോമീറ്ററിലേറെ ഉയരത്തിൽ ആകാശത്ത് വ്യാപിച്ചതോടെ ഗ്വാട്ടിമാല സിറ്റിയിലെ ലാ അറോറ അന്താരാഷ്ട്ര വിമാനത്താവളം പ്രാദേശിക സമയം ഞായറാഴ്ച രാവിലെ താത്കാലികമായി അടച്ചെങ്കിലും ഉച്ചതിരിഞ്ഞ് വീണ്ടും തുറന്നു. രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. അഗ്നിപർവതത്തിൽ നിന്ന് ഉരുകിയ പാറകളും ലാവാ പ്രവാഹവും പുറത്തേക്ക് തെറിച്ചതോടെ ഈ ഭാഗത്ത് കൂടി കടന്നുപോകുന്ന പ്രധാന ഹൈവേയും അധികൃതർ അടച്ചെങ്കിലും പിന്നീട് തുറന്നു.
സ്പാനിഷ് ഭാഷയിൽ ഫ്യൂഗോ എന്ന വാക്കിനർത്ഥം തീ എന്നാണ്. ശരാശരി നാലോ അഞ്ചോ വർഷം കൂടുമ്പോൾ ഫ്യൂഗോ പൊട്ടിത്തെറിക്കാറുണ്ട്. 2018ൽ ഫ്യൂഗോയിലെ സ്ഫോടനഫലമായുണ്ടായ ലാവാ പ്രവാഹം സമീപത്തുള്ള സാൻ മിഗ്വൽ ലോസ് ലോറ്റെസ് ഗ്രാമത്തിൽ കനത്ത നാശംവിതച്ചു. 215 പേർ അന്ന് മരിച്ചു. അത്രത്തോളം പേരെ കാണാതായി. 12,362 അടി ഉയരമുണ്ട് ഫ്യൂഗോയ്ക്ക്.
പകായ, സാന്റിയാഗ്വിറ്റോ എന്നീ രണ്ട് സജീവ അഗ്നിപർവതങ്ങളും ഉറങ്ങിക്കിടക്കുന്നതും നിർജീവമായതുമുൾപ്പെടെ മറ്റ് 34ഓളം അഗ്നിപർവതങ്ങളും ഗ്വാട്ടിമാലയിലുണ്ട്.