'സൈനികർ സമയോചിതമായി ചൈനയെ പ്രതിരോധിച്ചു, ഒരിഞ്ച് ഭൂമി പോലും അവർ വിട്ടുനൽകിയിട്ടില്ല'; പ്രതിരോധ മന്ത്രി

Tuesday 13 December 2022 12:45 PM IST

ന്യൂ‌ഡൽഹി: ഇന്ത്യ - ചൈന സംഘർഷത്തിൽ ലോക്സഭയിൽ പ്രസ്താവനയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. തവാങിലെ സംഘർഷത്തിൽ ഇന്ത്യൻ സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും അവർ സമയോചിതമായി പ്രതിരോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

'അതിർത്തിയിൽ തൽസ്ഥിതി മാറ്റാൻ ചൈന ശ്രമിച്ചു. എന്നാൽ ചൈനയുടെ ആക്രമണത്തെ ഇന്ത്യൻ സൈന്യം സമയോചിതമായി പ്രതിരോധിച്ചു തുരത്തി. നമ്മുടെ സൈനികർക്ക് ആർക്കും തന്നെ ഗുരുതരമായി പരിക്കേറ്റിട്ടില്ല. ചൈനീസ് സേനക്ക് ശക്തമായ തിരിച്ചടി നൽകിയതിൽ ഇന്ത്യൻ സേനയെ അഭിനന്ദിക്കുന്നു. ഒരിഞ്ച് ഭൂമി പോലും അവർ വിട്ടുനൽകിയിട്ടില്ല. പാർലമെന്റും രാജ്യവും ഒറ്റക്കെട്ടായി സൈനികർക്കൊപ്പം നിൽക്കണം. നയതന്ത്രതലത്തിലൂടെ വിഷയം ചൈനീസ് സർക്കാരുമായി ചർച്ച ചെയ്തിട്ടുണ്ട്. ഏത് വെല്ലുവിളിയെയും ചെറുക്കാൻ സൈന്യം തയാറാണ്.'- പ്രതിരോധ മന്ത്രി വ്യക്തമാക്കി.

ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സഭയിൽ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് രണ്ട് മണിക്ക് ഉള്ള പ്രസ്താവന 12.30ക്ക് ആക്കണമെന്ന് ഭരണപക്ഷം സ്പീക്കറോട് അഭ്യർത്ഥിച്ചിരുന്നു. വിഷയത്തിൽ ബഹളം വച്ച പ്രതിപക്ഷത്തെ വിമർശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് വന്നു. ശൂന്യവേള അനുവദിക്കാത്ത പ്രതിപക്ഷത്തിന്റെ നടപടി അപലപനീയമെന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ചോദ്യം സഭയിൽ വരുന്നതിലാണ് കോൺഗ്രസിന്റെ ആശങ്ക. രാജീവ് ഗാന്ധി ഫൗണ്ടേഷന് 2005 - 07 കാലത്ത് 1.35 കോടി രൂപ ചൈനീസ് എംബസിയിൽ നിന്ന് സംഭാവന ലഭിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

Advertisement
Advertisement