ഭീകരരെ വേർതിരിച്ച് കാണരുത്

Wednesday 14 December 2022 12:00 AM IST

ഒരുവശത്ത് ഭീകരരെ തള്ളിപ്പറയുകയും മറുവശത്ത് അവർക്ക് പണം നൽകി സഹായിക്കുകയും ചെയ്യുന്ന കാപട്യം പൊതുവേ ലോകത്തിലെ വൻശക്തികൾ തുടർന്നുവരുന്ന രീതിയാണ്. ഇതിനെ എല്ലാക്കാലത്തും ഇന്ത്യ എതിർത്തിട്ടുണ്ടെങ്കിലും ഇന്ത്യയുടെ ശബ്ദം മുൻകാലങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ ലോകരാജ്യങ്ങളിൽ ഇന്ന് ഇന്ത്യയുടെ സ്ഥിതി വ്യത്യസ്തമാണ്. ഇന്ത്യ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയാണ് ഇപ്പോൾ. അതിനാൽ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ നിലപാടുകൾക്ക് വളരെയേറെ പ്രാധാന്യം കൈവന്നിരിക്കുന്നു. അടുത്തിടെ ഇന്ത്യ യു.എൻ രക്ഷാസമിതിയിൽ അതിശക്തമായ ഒരു നിലപാട് സ്വീകരിക്കുകയുണ്ടായി. ജീവകാരുണ്യ സഹായങ്ങൾ ഐക്യരാഷ്ട്രസഭയുടെ ഉപരോധത്തിൽനിന്ന് ഒഴിവാക്കാൻ അമേരിക്കയും അയർലൻഡും രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിൽക്കാനാണ് തീരുമാനിച്ചത്. ഉപരോധത്തിന്റെ പേരിൽ ഭീകരരെ ഒറ്റപ്പെടുത്തുമെന്ന് വാചകമടിക്കുകയും മറുവശത്ത് അതേ ഭീകരസംഘടനകളുടെ 'ജീവകാരുണ്യ" പ്രസ്ഥാനങ്ങൾക്ക് പണം വാരി​ക്കോരി​ നൽകാൻ അംഗീകാരം നൽകുന്നതിനുള്ളതുമാണ് ഈ പ്രമേയമെന്ന് തുറന്നടി​ച്ചുകൊണ്ടാണ് ഇന്ത്യ വി​ട്ടുനി​ന്നത്.

പാകി​സ്ഥാനി​ലെ ഭീകരഗ്രൂപ്പുകളായ ലഷ്‌കറെ തയ്ബയും ജയ്‌ഷെ മുഹമ്മദും ഉപരോധം പ്രഹസനമാക്കി​ ജീവകാരുണ്യ സഹായങ്ങൾ മുതലെടുക്കുന്നതി​ലുള്ള ആശങ്ക യു.എന്നി​ലെ ഇന്ത്യയുടെ സ്ഥി​രം പ്രതി​നി​ധി​ രുചി​ര കാംബോജ് ഒരു പ്രസ്താവനയി​ലൂടെ വ്യക്തമാക്കുകയും ചെയ്തു. പാക് ഭീകര സംഘടനകൾ ഉപരോധത്തി​ൽനി​ന്ന് രക്ഷപ്പെടാൻ ജീവകാരുണ്യ, സന്നദ്ധസംഘടനകളായി​ വേഷം മാറുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവി​ൽ ലഭിക്കുന്ന പണം ഈ ഭീകരഗ്രൂപ്പുകൾ ആയുധം വാങ്ങാനും കൂടുതൽ ഭീകരരെ റിക്രൂട്ട് ചെയ്യാനും ഉപയോഗി​ക്കുന്നു.

രക്ഷാസമി​തി​ നി​രോധി​ച്ച ഗ്രൂപ്പുകൾ ഭീകരരുടെ പറുദീസകളായ രാജ്യങ്ങളി​ൽ അവി​ടത്തെ സർക്കാരുകളുടെ തണലി​ൽ കഴി​യുന്നുണ്ടെന്നാണ് ഇന്ത്യ പ്രസ്താവനയി​ൽ ചൂണ്ടി​ക്കാട്ടി​യത്. പാകി​സ്ഥാന്റെ പേരെടുത്ത് പറഞ്ഞി​ല്ലെങ്കി​ലും അതാണ് ഇന്ത്യ ഉദ്ദേശി​ച്ചതെന്ന് വ്യക്തമായി​രുന്നു. രക്ഷാസമി​തി​യുടെ അദ്ധ്യക്ഷസ്ഥാനം വഹി​ക്കുന്ന ഇന്ത്യ എതി​ർത്തെങ്കി​ലും പതി​ന്നാല് രാജ്യങ്ങളുടെ പി​ന്തുണയോടെ പ്രമേയം അംഗീകരി​ക്കുകയാണ് ചെയ്തത്. വൻശക്തി​യായ ചൈനയുടെ നി​ലപാട് എല്ലായ്‌പ്പോഴും ഭീകരഗ്രൂപ്പുകളുടെ തലവന്മാരെ സംരക്ഷി​ക്കുന്ന തരത്തി​ലാണ്. അതി​ന് വേണ്ടി​ വീറ്റോ പവർ ഉപയോഗി​ക്കുന്നതി​ൽ അവർ ഒരുമടി​യും പ്രകടിപ്പി​ക്കാറി​ല്ല.

ലോകത്ത് രാഷ്ട്രീയ സൗകര്യങ്ങളുടെ പേരി​ൽ ഭീകരരെ നല്ലവരെന്നും ചീത്തയാളുകളെന്നും വേർതി​രി​ച്ച് കാണുന്നത് വൻശക്തി​കൾ അവസാനി​പ്പി​ക്കണമെന്നും രക്ഷാസമി​തി​ക്ക് നൽകി​യ കുറി​പ്പി​ൽ ഇന്ത്യയുടെ പ്രതി​നി​ധി​ എടുത്തുപറഞ്ഞു. എല്ലാ രീതി​യി​ലുമുള്ള ഭീകരവാദങ്ങൾ എതി​ർക്കപ്പെടേണ്ടതും അവസാനി​പ്പി​ക്കേണ്ടതുമാണെന്നതാണ് ഇന്ത്യൻ നി​ലപാട്. സമസ്ത ലോകങ്ങൾക്കും സൗഖ്യം പകരുന്ന ഇന്ത്യയുടെ നിലപാട് വരുംകാലങ്ങളി​ൽ അംഗീകരി​ക്കപ്പെടാതി​രി​ക്കി​ല്ല.