ഒച്ച് വ്യാപനം തടയണം.

Wednesday 14 December 2022 12:00 AM IST

തലയോലപ്പറമ്പ്. വെള്ളൂരിൽ ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം രൂക്ഷമായി. ആറു മാസങ്ങൾക്ക് മുമ്പ് ചങ്ങമത ദേവീക്ഷേത്രത്തിന് സമീപമാണ് ആദ്യം കണ്ടെത്തുന്നത്. നിലവിൽ ആലപ്പാട്ട്, കോതോടം, പള്ളിയാത്ത്, പൂണിത്തുറ, വടക്കേമുണ്ടകപ്പാടം, ചകിരിപ്പാടം ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും ഒച്ചിന്റെ വ്യാപനം അതിരൂക്ഷമാണ്. അഞ്ഞൂറിലധികം കുടുംബങ്ങൾ ഒച്ചിന്റെ ഭീഷണിയിലാണ്. രാത്രിയാകുമ്പോൾ ഒച്ചുകൾ മരങ്ങളിലും വീടുകളിലും കൂടുതലായി കണ്ടുവരുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കന്നുകാലികളെ വളർത്തിയും നെല്ല്, വാഴ കൃഷി ചെയ്തും ഉപജീവനം നടത്തുന്നവരെയാണ് ഒച്ചുകളുടെ വ്യാപനം കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ വെള്ളൂർ ലോക്കൽ കമ്മി​റ്റി ആവശ്യപ്പെട്ടു.