അറിയാം, ഭിന്നരുചികൾ, കരകൗശലങ്ങൾ . സരസ് മേളയ്ക്ക് കോട്ടയമൊരുങ്ങുന്നു.

Wednesday 14 December 2022 12:00 AM IST

കോട്ടയം. അഞ്ച് സംസ്ഥാനങ്ങളിലെ രുചിവൈവിദ്ധ്യം നുകർന്നും അവിടങ്ങളിലെ ഗ്രാമീണ കരകൗശലങ്ങൾ കണ്ടറിഞ്ഞും കോട്ടയംകാരുടെ ക്രിസ്മസ് ഇക്കുറി വർണാഭമാകും. നാളെ ആരംഭിക്കുന്ന കുടുംബശ്രീ ദേശീയ 'സരസ് മേളയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി.

ഭക്ഷ്യമേളയിൽ അസം, ബിഹാർ, ഒഡീഷ എന്നിവിടങ്ങളിൽ പ്രചാരത്തിലുള്ള പിഢാ, പഞ്ചാബിൽ നിന്നുള്ള മക്കേദി റൊട്ടി വിത്ത് സരസോൻ ദാ സാഗ്, ബീഹാറിൽ നിന്നുള്ള ലിറ്റി ചോഖാ, മെമോസ്, വട പാവ്, പാവ് ബജി, ആലൂ ടിക്കി, മുഗൾ ഹൽവ, ചോലെ ബട്ടൂരെ എന്നിവയും അട്ടപ്പാടി വിഭവമായ വനസുന്ദരി, മുളയരി പായസം, കപ്പ മീൻകറി, പഴശി പുട്ട് പുഴുക്ക്, കാന്താരി ചിക്കൻ, കരിമീൻ പൊള്ളിച്ചത് എന്നിവയും ആസ്വദിക്കാം.

15 മുതൽ 24വരെ.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ സംരംഭകരുടേയും സ്വയംസഹായസംഘങ്ങളുടേയും ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപനയും ലക്ഷ്യമിട്ട് കുടുംബശ്രീ നാഗമ്പടം നഗരസഭാ മൈതാനത്ത് സംഘടിപ്പിക്കുന്ന സരസ്' മേളയ്ക്ക് 75,000 ചതുരശ്ര അടിയുള്ള പ്രദർശനവേദിയാണ് ഒരുങ്ങുന്നത്. ശീതികരിച്ച ഇരുന്നൂറ്റൻപതിലധികം സ്റ്റാളുകളുമുണ്ട്. ജില്ലയിൽ ആദ്യമായാണ് ദേശീയ സരസ് മേളയ്ക്ക് അരങ്ങൊരുങ്ങുന്നത്. പ്രദർശന വിപണന സ്റ്റാളുകൾക്കു പുറമേ രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള ഭക്ഷണവൈവിദ്ധ്യങ്ങൾ നിറയുന്ന ഫുഡ് കോർട്ടുകളും സിരകളിൽ സംഗീതവും നൃത്തവും നിറയ്ക്കുന്ന കലാപരിപാടികളും ന‌ടക്കും.

ഇതുവരെ 239 രജിസ്ട്രേഷൻ.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഹരിയാന, സിക്കിം, ഹിമാചൽ പ്രദേശ്, കർണാടക, ജാർഖണ്ഡ്, കാശ്മീർ, ത്രിപുര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 48 വനിതാ സംരംഭകർ. കോട്ടയത്തുനിന്ന് 43 സംരംഭകരും മറ്റു ജില്ലകളിൽ നിന്നുള്ള 108 സംരംഭകരും അടക്കം 239 രജിസ്‌ട്രേഷനുകളാണ് ഇതുവരെ പൂർത്തിയായത്. ജില്ലയിലെത്തുന്നവർക്ക് താമസമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

സിതാര കൃഷ്ണകുമാർ, ജി.വേണുഗോപാൽ, നഞ്ചിയമ്മ, രശ്മി സതീഷ്, ഊരാളി തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിലുള്ള സംഗീതവിരുന്ന്, നാടൻപാട്ട് സന്ധ്യകൾ, മജീഷ്യൻ സാമ്രാജിന്റെ മാജിക്ക് ഷോ, രാജസ്ഥാനി നടോടിനൃത്തം, ഒഡീസി, കഥകളി തുടങ്ങിയ പരമ്പരഗത കലാരൂപങ്ങൾ, ഗസൽ സന്ധ്യ, മെഗഷോ, ഫ്യൂഷൻ സംഗീതം എന്നിവ പത്തുദിവസം നീളുന്ന സരസ് മേളയ്ക്ക് വർണപ്പകിട്ടേറ്റും.

കോട്ടയത്തെ ഏറ്റവും വലിയ മേള.


75,000 ചതുരശ്രയടി, 250 ശീതികരിച്ച സ്റ്റാളുകൾ.
കൺമുന്നിൽ രാജ്യത്തെ ഭക്ഷ്യവൈവിദ്ധ്യം.
ഗാനസന്ധ്യ, നൃത്തസന്ധ്യ, നാടൻപാട്ട് ഉത്സവം.

കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അഭിലാഷ് ദിവാകർ പറയുന്നു

വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗതമായിട്ടുള്ള കരകൗശല ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ, ബാഗുകൾ, ചെരിപ്പുകൾ, തുടങ്ങിയവ പരിചയപ്പെടാം. ഏറ്റവും വലിയ ഭക്ഷ്യമേള കൂടിയാവും ഇത്.

Advertisement
Advertisement