ആനന്ദ് മഹാദേവന്റെ സ്റ്റോറി ടെല്ലറിന് വൻവരവേൽപ്പ്

Wednesday 14 December 2022 12:09 AM IST

സത്യജിത് റേയുടെ ജന്മശതാബ്ധിയിൽ ,ആ സ്മരണയ്ക്ക് സിനിമകൊണ്ടൊരു അഞ്ജലി

------------------------------------------

കഥയില്ലായ്മയുടെ കാലത്ത് സത്യജിത് റേയുടെ കഥകൊണ്ട് ചലച്ചിത്ര കഥാകാവ്യം തീർത്തിരിക്കുകയാണ് സ്റ്റോറി ടെല്ലർ എന്ന ചിത്രത്തിലൂടെ സംവിധായകൻ ആനന്ദ് മഹാദേവൻ. ഐ.എഫ്.എഫ്.കെയുടെ ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിൽ ഇന്നലെ കലാഭവനിൽ പ്രദർശിപ്പിച്ച ചിത്രത്തിന് പ്രേക്ഷകർ വൻവരവേൽപ്പാണ് നൽകിയത്.

പരേഷ് റാവൽ, ആദിൽ ഹുസ്സൈൻ എന്നീ നടൻമാരുടെ മികച്ച അഭിനയം, മികച്ച സംഭാഷണം മികച്ച സംവിധാനം എന്നിവയാണ് ഈ ചിത്രത്തിന്റെ സവിശേഷത.സംഭാഷണം കേട്ട് പ്രേക്ഷകർ കൈയ്യടിക്കുന്നത് സമീപകാലത്തൊന്നു മറ്റൊരു ചിത്രത്തിൽകണ്ടിട്ടില്ല.കഥ പറച്ചിലുകാരനായ നായകനായി പരേഷ് റാവലും ഗുജറാത്തി ബിസിനസുകാരനായി ആദിൽ ഹുസൈനും അവിസ്മരണീയമായ അഭിനയമാണ് കാഴ്ചവച്ചത്.

ചിന്തയല്ല പ്രവൃത്തിയാണ് മഹനീയം

ചിന്തിക്കുന്നവരേക്കാൾ പ്രവർത്തിക്കുന്നവരാണ് മഹനീയരായിട്ടുള്ളതെന്ന് സിനിമയ്ക്കുശേഷം പ്രേക്ഷകരുമായി നടന്ന സംവാദത്തിൽ ആനന്ദ് മഹാദേവൻ പറഞ്ഞു.എന്തു കാര്യങ്ങളും വലുതായി ചിന്തിക്കാൻ ആർക്കും കഴിയും.എന്നാൽ പ്രവർത്തിച്ചു കാട്ടുക അത്ര എളുപ്പമല്ല.ഈ ആശയം സ്റ്റോറി ടെല്ലറിന്റെ ആധാരബിന്ദുവാണെന്ന് അദ്ദേഹം പറഞ്ഞു.ഈ സിനിമ റേയ്ക്കു മാത്രമല്ല മൃണാൾസെന്നിനും ഘട്ടക്കിനും അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും ഷാജി എൻ.കരുണിനുമൊക്കെയുള്ള എന്റെ ആദരമാണ്. പരേഷ് റാവലിനെയും ആദിലിനെയും രേവതിയേയും അഭിനയിപ്പിച്ചതു തന്നെ ഈ ചിത്രം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതിരിക്കാനാണ്.

തൃശൂർകാരനായ ആനന്ദ് മഹേദേവൻ ഇസബെല്ലയിൽ അനന്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ദേശീയ അംഗീകാരങ്ങൾ നേടിയ സംവിധായകനാണ്.തൃശൂരിനു കൈയ്യടി നൽകാനുള്ള ആനന്ദ് മഹാദേവന്റെ അഭ്യർത്ഥന വൻ കരഘോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ ഉപഹാരങ്ങൾ നൽകി.