ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അനുജന് 2 വർഷം തടവും പിഴയും

Wednesday 14 December 2022 1:14 AM IST

തൃശൂർ: കുടുംബവഴക്കിനിടെ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അനുജന് തടവും പിഴയും. പഴയന്നൂർ പുത്തിരിത്തറയിൽ തൃത്താലപ്പടി വീട്ടിൽ മണികണ്ഠ(37) നെയാണ് 2 വർഷം തടവിനും 5000 രൂപ പിഴയടക്കാനും തൃശൂർ രണ്ടാം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി വി.ജി. ബിജു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 2മാസം അധിക തടവ് അനുഭവിക്കണം. പഴയന്നൂർ പുത്തിരിത്തറയിൽ തൃത്താലപ്പടി വീട്ടിൽ ഉണ്ണിക്കൃഷ്ണനാണ് പരിക്കേറ്റത്. 2017 ഒക്ടോബർ 23നാണ് സംഭവം. കുടംബ വഴക്കാണ് ആക്രമണത്തിന് കാരണം. പഴയന്നൂർ പൊലീസ് സബ് ഇൻസ്‌പെക്ടറായിരുന്ന പി.കെ. ദാസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വിസ്താര സമയത്ത് ഉണ്ണിക്കൃഷ്ണന്റെ മറ്റൊരു സഹോദരനായ രവീന്ദ്രൻ പ്രതിക്കനുകൂലമായി കൂറുമാറിയിരുന്നു. കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. വിവേകാനന്ദൻ, അഭിഭാഷകരായ രചന ഡെന്നി, കെ.കെ. ശിശിര, പഞ്ചമി പ്രതാപൻ എന്നിവർ ഹാജരായി.