വ്യാജ ചികിത്സാ കേന്ദ്രം നടത്തിയിരുന്ന യുവാവ് പിടിയിൽ

Wednesday 14 December 2022 1:16 AM IST

ചേർപ്പ്: കരുവന്നൂരിൽ വ്യാജ ചികിത്സാ കേന്ദ്രം നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ. തേലപ്പിള്ളി പുതുമനക്കര വീട്ടിൽ ഫാസിൽ അഷറഫ് (38) ആണ് അറസ്റ്റിലായത്. കരുവന്നൂർ രാജ കമ്പനിക്ക് സമീപം പ്രവർത്തിച്ചിരുന്ന ഇസ്ര വെൽനെസ് സെന്ററിലാണ് ഇയാൾ കപ്പിംഗ് തെറാപ്പി നടത്തിയിരുന്നത്. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധയിൽ കേന്ദ്രത്തിന് ലൈസൻസോ ചികിത്സ നടത്തുന്നതിനുള്ള അനുമതിയോ ഇല്ലെന്ന് കണ്ടെത്തി. സ്ഥാപനത്തിൽ വ്യാജ സർട്ടിഫിക്കറ്റുകളാണ് പ്രദർശിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം രണ്ട് രോഗികളെ കപ്പിംഗ് തെറാപ്പിക്ക് വിധേയമാക്കിയിരുന്ന സമയത്തായിരുന്നു പൊലീസും ആരോഗ്യവകുപ്പും കേന്ദ്രത്തിൽ പരിശോധന നടത്തിയത്. ചികിത്സിക്കായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും സ്ഥാപനത്തിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. ചേർപ്പ് സി.ഐ: ടി.വി. ഷിബു, ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.എൻ. സതീഷ് കുമാർ, ടെക്‌നിക്കൽ അസിസ്റ്റന്റ് പി.കെ. രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മരുന്നുകൾ നിർമ്മിച്ചത് വീട്ടിലാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് ഫാസിലിനെ അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും രോഗികൾ ചികിത്സയ്ക്കെത്തിയിരുന്നു. രോഗികൾക്ക് നൽകിയിരുന്ന മരുന്നുകളും കണ്ടെടുത്തു.